അജൈവമാലിന്യങ്ങൾ ഫാക്ടറി പരിസരത്ത് കൂട്ടിയിട്ടതിന് പിഴ ചുമത്തി

 inorganicwaste
 inorganicwaste

ഇരിട്ടി : സോഫ നിർമാണ ഫാക്ടറിയിൽ നിന്നുള്ള അജൈവമാലിന്യങ്ങൾ പരിസരത്ത് കൂട്ടിയിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ്  സ്ക്വാഡ് സ്ഥാപനയുടമയ്ക്ക് പിഴ ചുമത്തി. സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ്  വ്യവസായ എസ്റ്റേറ്റിലെ പോപ്പുലർ സോഫ നിർമാണ യൂണിറ്റിനെതിരെ നടപടിയെടുത്തത്. സോഫ നിർമ്മാണ യൂണിറ്റിലെ ജൈവ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ കെട്ടിടത്തിന് പിറകുവശത്തായി കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. 

വർഷങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ ജീർണ്ണിച്ച നിലയിലായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, റെക്സിൻ, ഫോം അവശിഷ്ടങ്ങൾ തുടങ്ങിയവ കെട്ടിടത്തിന്റെ പിറകുവശത്ത് കൂട്ടിയിട്ട നിലയിലും മലിനജലം കെട്ടിക്കിടക്കുന്ന നിലയിലും ആരോഗ്യത്തിന് ഭീഷണിയായ നിലയിൽ കണ്ടെത്തി. സ്ഥാപനത്തിന് അയ്യായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്തിന് നിർദ്ദേശം നൽകി. 

പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ, കെ.വിനോദൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Tags