വികസന പഥത്തിലേക്ക് ഇന്ത്യൻ കോഫി ഹൗസ്; കണ്ണൂർ തെക്കി ബസാർ ബ്രാഞ്ച് ഉദ്ഘാടനം നാലിന്
കണ്ണൂർ: ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന ഇന്ത്യൻ കോഫി ഹൗസ് പുതുവർഷത്തിൽ വികസനപാതയിലേക്ക് ചുവടുവയ്ക്കുന്നു. ആറു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ കോഫി ഹൗസിന്റെ പുതിയ ശാഖ കണ്ണൂർ തെക്കി ബസാറിൽ കോ-ഓപ്പറേറ്റീവ് പ്രസിന് മുൻപിലുള്ള കെട്ടിടത്തിൽ തുടങ്ങുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി നാലിന് 10.30 ന് മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡണ്ട് എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര എന്നിവർ മുഖ്യാതിഥികളായിക്കും.
ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ധർമ്മശാല, കണ്ണൂർ തെക്കി ബസാർ,കണ്ണൂർ പ്ലാസ, കണ്ണൂർ ഫോർട്ട് റോഡ്, തലശ്ശേരി പഴയ സ്റ്റാൻഡ് ,മഞ്ഞോടി , ഇരിട്ടി എന്നിവിടങ്ങളിലാണ് ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിക്കുന്നത്.
1958 ആഗസ്തിൽ തുടങ്ങിയ കോഫി ഹൗസിന് കാസർഗോഡ് മുതൽ പാലക്കാട് വരെ 31 ബ്രാഞ്ചുകളും എണ്ണൂറിലധികം ജീവനക്കാരുമുണ്ടെന്ന് എൻ. ബാലകൃഷ്ണൻ അറിയിച്ചു.
ഏറെ വർഷങ്ങളായി സംഘത്തിന് നഷ്ടമില്ല. നോ പ്രോഫിറ്റ് നോ ലോസ് എന്ന തത്വത്തിൽ ഊന്നിയാണ് പ്രവർത്തനം. 2023 - 24 സാമ്പത്തിക വർഷത്തിൽ വിറ്റുവരവ് 92 കോടി രൂപയിലധികമാണ്. എന്നാൽ അറ്റ ലാഭം കേവലം 95 ലക്ഷം രൂപ മാത്രമാണ്. വിപണി വില പിടിച്ചുനിർത്തി സാമൂഹ്യസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ സംരംഭം എന്ന നിലയിൽ പ്രവർത്തനം നടത്തുന്നത് കൊണ്ടാണ് സംഘം കുറഞ്ഞ ലാഭത്തിൽ പ്രവർത്തിക്കുന്നത്.
എകെജി എന്ന തൊഴിലാളി നേതാവിന്റെ ഉപദേശനിർദേശങ്ങളോടെ പൂർണമായും തൊഴിലാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തനം തുടങ്ങി ജനഹൃദയങ്ങളിൽ ഇടം നേടിയ ഈ ജനകീയ സ്ഥാപനം വിസ്മയകരമായ വളർച്ചയാണ് പോയ ദശകങ്ങളിൽ കൈവരിച്ചിരിക്കുന്നതെന്നു പ്രസിഡൻ്റ് എൻ ബാലകൃഷ്ണൻ അറിയിച്ചു. സെക്രട്ടറി വി കെ ശശിധരൻ , ഡയറക്ടർമാരായ ടി വി പ്രശാന്തൻ, സി വി അനിൽകുമാർ ,എം
ഷിജിന എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.