ആറളം ഫാമിലെ ആന മതിൽ നിർമ്മാണം ; ഹൈക്കോടതി സ്‌റ്റേ നീക്കി, നിർമ്മാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കും

ആറളം ഫാമിലെ ആന മതിൽ നിർമ്മാണം ; ഹൈക്കോടതി സ്‌റ്റേ നീക്കി, നിർമ്മാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കും
High Court lifts stay on construction of elephant wall at Aralam Farm; construction to resume by end of November
High Court lifts stay on construction of elephant wall at Aralam Farm; construction to resume by end of November

 ഇരിട്ടി: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ച ആറളത്തെ  ആനമതിൽ നിർമ്മാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിമെന്ന് പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം  അറിയിച്ചു. ഫാമിലെ ആന മതിലിന്റെ നിർമ്മാണ പുരോഗതിയും കാട്ടാന പ്രശ്‌നവും അവലോകനം ചെയ്യാൻ ചേർന്ന നിരീക്ഷണ സമിതി  യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം അറിയിച്ചത്. മതിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാഞ്ഞതിനാൽ നിലവിലുള്ള കരാറുകാരനെ ഒഴിവാക്കിയിരുന്നു. പുതിയ കരാറുകാരെ കണ്ടെത്തി സൈറ്റ് കൈമാറാനുള്ള പ്രവർത്തനം നടക്കുന്നതിനിടയിൽ പഴയ കരാറുകാരൻ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിച്ചതോടെയാണ് നിർമ്മാണം പ്രതിസന്ധിയിലായത്.  

tRootC1469263">

പുതിയ ടെൻഡർ ക്ഷണിക്കുന്നതിനും മറ്റും കോടതി അനുവാദം നൽകിയെങ്കിലും പ്രവർത്തിക്കുള്ള അനുമതി നൽകുന്നത് കോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം  നിർമ്മാണത്തിന് അനുമതി നൽകിക്കൊണ്ട് കോടതി ഉത്തരവിട്ടു.  കോടതിയുടെ വിധി പകർപ്പ് കിട്ടിയ ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലിജീഷ്‌കുമാർ യോഗത്തെ അറിയിച്ചു.   കാർഷിക  ഫാമിൽ മാത്രം പത്തിലധികം ആനകൾ ഉണ്ടെന്ന് ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാരാഘവൻ യോഗത്തിൽ പറഞ്ഞു. പുനരധിവാസ മേഖലയിലെ പൊന്തക്കാടുകളിലും ആനകൾ താവളം ആക്കിയിട്ടുണ്ട്. ആദിവാസി പുരധിവാസ മിഷന്റെ നേതൃത്വത്തിൽ കാട് വെട്ടിതെളിക്കൽ പ്രവർത്തി നടന്നുവരികയാണ്. കോട്ടപ്പാറ , താളിപ്പാറ ഭാഗങ്ങളിൽ കാട് വെട്ടൽ പൂർത്തിയാകുന്നതോടെ ആനയെ തുരത്താനുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും. 

വനത്തിലേക്ക് തുരത്തിയ ആനകൾ പൂക്കുണ്ട് വഴിയാണ് തിരികെ പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഓപ്പറേഷൻ ഗജമുക്തി ഫലപ്രദമാണെന്ന് പറയണമെങ്കിൽ തുരത്തിയ ആനകൾ തിരികെ പ്രവേശിക്കാതിരിക്കണം. ഇതിന് വനാതിർത്തിയിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആറളം ഫാം എംഡി എസ്. സുജീഷ് പറഞ്ഞു. പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെയുള്ള മൂന്നര കിലോമീറ്റർ ഭാഗത്തുകൂടിയാണ് ആന തിരികെ പ്രവേശിക്കുന്നത്. ഇവിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കാൻ അനർട്ടിന്റെ സഹായത്തോടെ ടെൻഡർ നടപടികൾ ആരംഭിച്ചതായും വനം വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. കക്കുവാ മുതൽ പരിപ്പ് തോടുവരെയുള്ള ഭാഗങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത് കണ്ടുനില്ക്കാൻ കഴിയാതെ  ആനയെ തുരത്താൻ ആദിവാസികൾ ഇറങ്ങിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ പറഞ്ഞു. ഇക്കാര്യത്തിൽ  അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പുനൽകി. സണ്ണിജോസഫ് എംഎൽഎയുടെ പി.എ. മുഹമ്മദ് ജസീർ, വനം ആർആർടി ഡെപ്യൂട്ടി റെയിഞ്ചർ ഷൈനികുമാർ വനംവകുപ്പിലെ മറ്റ് ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫാമിൽ ഇനിയൊരു ദുരന്തം ഉണ്ടായാൽ എന്തായിരിക്കും കോടതിയിൽ നിന്നും ഉണ്ടാവുക എന്ന് പറയാനാവില്ലെന്നും  നമ്മളിൽ  ഒരാളെയും കോടതി വെറുതെ വിടില്ലെന്ന  ധാരണ എപ്പോഴും ഉണ്ടാകണം മെന്നും ഫാം എംഡി എസ്. സുജീഷ് യോഗത്തിൽ പറഞ്ഞു.   ഫാമിലെ 1,2,4,5 ബ്ലോക്കുകളിലെ കൃഷിയിടങ്ങളും പുരധിവാസ മേഖലയിലെ പൊന്തക്കാടുകളിലുമാണ് ഇപ്പോൾ ആനകൾ ഉള്ളത്. ഇവ പുനരധിവാസ മേഖലയിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന സാഹചര്യം വളരെ വലതായിരിക്കും. തുരത്തിയ ആനകൾ തിരികെ കയറി ഒരു ദിവസം മാത്രം 145 തെങ്ങുകൾ കുത്തിവാഴ്ത്തിയ സാഹചര്യം വലിയ മുന്നറിയിപ്പാണെന്ന്  എംഡി എസ്. സുജീഷ് പറഞ്ഞു. ആനയെ ഇവിടെ നിന്നും പൂർണ്ണമായും തുരത്തുക മാത്രമാണ് ഏക പരിഹാരമെന്നും അതിന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയിൽ നിന്നും ആവശ്യമായ സഹായം നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags