കണ്ണൂര്‍ നഗരത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Health department officials intensified dengue prevention activities in Kannur city

കണ്ണൂര്‍ : ഡെങ്കിപ്പനി പടരുന്നത് തടയാന്‍  ആരോഗ്യ വകുപ്പും കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഒണ്ടേന്‍ റോഡ് പ്രഭാത് ജംഗ്ഷന്‍, എസ്ബിഐ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ശുദ്ധജലത്തില്‍ വളരുന്നതും ഡെങ്കിപ്പനിക്ക് കാരണമാകുന്നതുമായ ഈഡിസ് ഈജിപ്തി കൊതുകുകളുടെ ലാര്‍വകളെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സൂപ്പര്‍ബസാര്‍, പഴയ മലബാര്‍ ഗോള്‍ഡ് ബില്‍ഡിംഗ്, കല്യാണി കോംപ്ലക്സ്, ഇമ്മാദ്ടവര്‍, റെയില്‍വേ സ്യൂട്ട്, ബെല്ലാര്‍ റോഡ്, ഫോര്‍ട്ട് റോഡ്, ഹോട്ടല്‍ വസന്ത വിഹാര്‍, മാര്‍ക്ക് ഫാഷന്‍, ഹോളിക്രോസ് കോണ്‍വെന്റ്, ബേക്ക് ആന്റ് ജോയ് ക്വാര്‍ട്ടേഴ്സ്, ഗോപാല്‍ സ്ട്രീറ്റ് റോഡ്, അല്‍നൂര്‍ പാസ, ശ്രീറോഷ് അപ്പാര്‍ട്ട്മെന്റ് കെട്ടിട നിര്‍മ്മാണം നടക്കുന്ന പ്രദേശം, എലൈറ്റ് കോംപ്ലക്സ്, അല്‍ഫ്ളാക് കോംപ്ലക്സ്, അള്‍ട്ടിമേറ്റ് റെസിഡന്‍സി എന്നിവിടങ്ങളില്‍ വെക്ടര്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ ഡെങ്കിപ്പനിയുടെ ലാര്‍വകളെ കണ്ടെത്തി സാമ്പിള്‍ ശേഖരിച്ചു.

ലാര്‍വകളെ കണ്ടെത്തിയ പ്രദേശത്ത് ടെമിഫോസ് ലാര്‍വി സൈഡ് സ്പ്രേ ചെയ്ത് ലാര്‍വകളെ നശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശത്ത് ലാര്‍വ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ആരോഗ്യ വിഭാഗം നടത്തിവരുന്നുണ്ട്. ഇന്ന് ഈ പ്രദേശത്ത് കൊതുകു നശീകരണത്തിനുള്ള ഫോഗിംഗ് നടത്തും. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പല കെട്ടിടങ്ങളിലെയും ടെറസുകളില്‍ വെള്ളം കെട്ടി നില്‍ക്കുകയും പല വാട്ടര്‍ടാങ്കുകളും തുറന്നിട്ട നിലയിലുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാനും ടാങ്ക് അടച്ചു സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ.കെ.ഷിനി, ബയോളജിസ്റ്റ് ഇ.പി. രമേഷ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ജി.എസ്. അഭിഷേക്, കോര്‍പ്പറേഷന്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ആര്‍. സന്തോഷ് കുമാര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. സിന്ധു തുടങ്ങിയവര്‍ പരിശോധനയ്ക്കും പ്രതിരോധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കി.

Health department officials intensified dengue prevention activities in Kannur city

Tags