കണ്ണൂർ മയ്യിലിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം: 5 പേർ പിടിയിൽ
പഴയങ്ങാടി: യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ അഞ്ചു പേരെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മയ്യിൽ സ്വദേശി മാജിദ് പി.വി(36)നെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ മയ്യിൽ സ്വദേശികളായ ഇ.വൈഷ്ണവ്(23), കെ ശ്രീരാഗ്(26), കെ വി അബ്ദുസമദ്(30), കെ റജുൽ(32) പുതിയങ്ങാടി സ്വദേശി കെ ഷാഹിദ്(32) എന്നിവരെയാണ് പഴയങ്ങാടി എസ് ഐ പി യതുകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മയ്യിലിൽ കാറിലെത്തിയ സംഘം യുവാവിനെ ബലമായി കാറിൽ കയറ്റി പഴയങ്ങാടി വാടിക്കൽ കടവ് പ്രദേശത്ത് എത്തിക്കുകയും കാറിൽ നിന്ന് പുറത്തിറക്കി മർദ്ദിക്കുന്നതിനിടയിൽ മാജിദ് ഓടി സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പ്രതികളെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. പഴയങ്ങാടി എസ് ഐയും സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തട്ടിക്കൊണ്ടു പോകലിന് കാരണമായി മാജിദ് പറയുന്നത് സുഹൃത്തായ വൈഷ്ണവിനോട് ഗൾഫിൽ നിന്ന് ഒരാഴ്ച മുമ്പ് എത്തിയ താൻ സ്വർണ്ണം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറയുകയും ആ സ്വർണ്ണത്തിന് വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നുമാണ്. എന്നാൽ പ്രതികൾ പറയുന്നത് പ്രതികളിൽ ഒരാളുടെ ബന്ധുവിന് മാജിദ് മയക്കുമരുന്ന് നൽകിയതിനെ ചോദ്യം ചെയ്യുന്നതിനാണ് തട്ടിക്കൊണ്ടുപോയത് എന്നുമാണ്. പ്രതികളെ ഇന്ന് പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.