ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി കുട്ടികൾക്ക് ഉല്ലാസ യാത്രയൊരുക്കുന്നു
Updated: Nov 18, 2024, 21:33 IST
കണ്ണൂർ: തോട്ടട ആശ്രയ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ 9 കുട്ടികളെ തിരുവനന്തപുരത്തേക്ക് ഉല്ലാസ യാത്രക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായി ട്രസ്റ്റ് ചെയർമാൻ കേണൽ പത്മനാഭൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നവം 21 ന് കാലത്ത് 8 മണിക്ക് വിമാന മാർഗ്ഗം പുറപ്പെട്ട് ഒരു പകൽ മുഴുവൻ തിരുവനന്തപുരത്ത് ചിലവഴിക്കാനാണ് തീരുമാനം.
തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് തിരിക്കും. കുട്ടികളോടൊപ്പം ഓരോ രക്ഷിതാക്കളും ആശ്രയ സ്കൂളിലെ ഒരു അധ്യാപികയും യാത്രാ സംഘത്തിലുണ്ടാവുമെന്ന് ചെയർമാൻ പറഞ്ഞു. ഭാരവാഹികളായ എം സി രാഗേഷ്, സിദ്ദാർത്ഥൻ മണ്ണാരത്ത്, പി ഉമ്മർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.