ധർമ്മശാല - ചെറുകുന്ന് തറ റൂട്ടിൽ അനിശ്ചിതകാല ബസ് സമരം തുടങ്ങി
തളിപ്പറമ്പ് : തളിപ്പറമ്പ് ധർമ്മശാല ചെറുകുന്ന് തറ റൂട്ടിൽ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം തുടങ്ങി. ധർമ്മശാലയിൽ അടിപ്പാത അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ധർമ്മശാലയിൽ യൂനിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ദേശീയ പാത പ്രവൃത്തി ആരംഭത്തിൽ തന്നെ ആവശ്യമുയർന്നിരുന്നു. ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുകയും ഡിവൈ.എഫ്.ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തതോടെ കളക്ടർ ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ബസുകൾക്ക് പോകാൻ സാധിക്കുന്ന അടിപ്പാത നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
ഈ ഉറപ്പ് ലംഘിച്ച് ചെറുവാഹനങ്ങൾക്ക് മാത്രം കടന്നു പോകുന്ന രീതിയിലാണ് അടിപ്പാത നിർമ്മാണം പൂർത്തിയാകുന്നത്. കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് ട്രിപ്പ് നടത്തേണ്ട സാഹചര്യമാണ്. ഇതോടെ സാമ്പത്തിക നഷ്ടവും ട്രിപ്പ് സമയം പാലിക്കാനാകാത്ത സാഹചര്യവുമാണ് ബസുകൾക്ക് ഉണ്ടാക്കുന്നത്. ബസ് റൂട്ട് ഇല്ലാത്ത താഴെ ബക്കളത്ത് വലിയ അടിപ്പാത അനുവദിച്ചിട്ടുണ്ട്.
അതേ മാതൃകയിൽ ബസുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന രീതിയിൽ ധർമ്മശാലയിലെ അടിപ്പാത പുന ക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഓപ്പറേറ്റഴ്സ് വെൽഫയർ അസോസിയേഷനും സംയുക്ത ട്രേഡ് യൂണിയനും അനിശ്ചിത കാല സമരം തുടങ്ങിയത്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് താലൂക്ക് ഓഫിസ് ഹാളിൽ എം.വി ഗോവിന്ദൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ ധർമ്മശാലയിൽ സൗകര്യമുള്ള അടിപ്പാത നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൻ.എച്ച്.എ.ഐ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.