വയോജനങ്ങളും രോഗബാധിതരുമായ വ്യാപാരികൾക്ക് ഷെൽട്ടർ ഹോം ഒരുക്കും : ദേവസ്യാ മേച്ചേരി


കണ്ണൂർ : പ്രതിസന്ധി നേരിടുന്ന വ്യാപാരികളെ ചേർത്തുപിടിച്ചു കൊണ്ടു മുൻപോട്ടു പോകുകുന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ദേവസ്യാ മേച്ചേരി പറഞ്ഞു. മരണമടഞ്ഞ വ്യാപാരികൾക്കു ആശ്രയ പദ്ധതിയിൽ നിന്നുള്ള രണ്ടര കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നത് ഇതിൻ്റെ തുടക്കമാണ്.
വാർദ്ധക്യ സഹജങ്ങളായ അസുഖങ്ങളാൽ ദുരിതം അനുഭവിക്കുകയും കച്ചവടം തകർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ നിരാശ്രയരാവുകയും നോക്കാനാരുമില്ലാതെ ഒറ്റപ്പെടുകയും ചെയ്യുന്ന വ്യാപാരികളെ സംഘടന സംരക്ഷിക്കാൻ തയ്യാറാകും. ഇവർക്ക് നല്ല ചികിത്സയും ഭക്ഷണവും പാർക്കാനിടവും നൽകുന്ന ഷെൽട്ടർ ഹോമുകൾ കണ്ണൂരിൽ നിർമ്മിക്കുമെന്ന് ദേവസ്യാ മേച്ചേരി പറഞ്ഞു.
സംസ്ഥാനത്തെ ഓരോ ജില്ലാ കമ്മിറ്റിയും അവരവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇത്തരം പദ്ധതികൾ നടത്തിവരികയാണ്. ആശ്രയ പദ്ധതിയിൽ നിന്നുള്ള രണ്ടര കോടിയുടെ ധനസഹായമാണ് മരണമടഞ്ഞ വ്യാപാരികൾക്ക് നൽകുന്നത്. മരണമടഞ്ഞ വ്യാപാരികളുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതവും കിടപ്പിലായവർക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് നൽകുന്നത്. സംസ്ഥാനത്തെഒൻപതു ജില്ലകളിൽ പദ്ധതി നടപ്പിലാക്കുന്നുണ്ട് ഇതിൽ പതിനായിരത്തിൽ താഴെ മെംപർമാരുള്ള കാസർകോട് വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ അഞ്ചു ലക്ഷം രൂപയാണ് ആശ്രയ പദ്ധതിയിലൂടെ മരണാനന്തര സഹായമായി സംഘടന നൽകി വരുന്നത്.

ഓൺലൈൻ വ്യാപാരം സംസ്ഥാനത്തെ വ്യാപാര മേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. നിയമം മൂലം ഓൺലൈൻ വ്യാപാര രംഗത്തെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണം. 1991 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് ഓൺലൈൻ വ്യാപാര മേഖലയെ ശക്തിപ്പെടുത്താൻ ഇടയാക്കിയത്. കൊവിഡ് കാലത്ത് കടകൾ അടച്ചിടാൻ പറഞ്ഞ സർക്കാർ ഓൺലൈൻ വ്യാപാര രംഗത്തെ കോർപറേറ്റുകളെ തുറന്ന് വിടുകയായിരുന്നു. നിയമങ്ങളിലൂടെ ചെറുകിട കച്ചവടക്കാർക്ക് സംരക്ഷണം നൽകാൻ ഇനിയെങ്കിലും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഇതിനായി പാർലമെൻ്റിലും നിയമസഭകളിലും ബില്ലുകൾ കൊണ്ടുവരണം.
നമ്മുടെ നാട്ടിൽ കച്ചവടം കുറയാൻ കാരണം ജനങ്ങളിൽ ക്രയശേഷി കുറഞ്ഞതാണ്. കൈത്തറിയും ബീഡി തൊഴിൽ മേഖലയും ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങൾ തകർച്ചയിലാണ്. കാലാവസ്ഥ വ്യതിയാനം കാരണം കാർഷിക ഉൽപ്പന്നങ്ങൾ നശിക്കുന്നതിനാൽ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിന് വിളകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തണം.
കൃഷിയും വ്യാപാരവും തമ്മിൽ ബന്ധമുണ്ട്. കൃഷി നന്നായാൽ മാത്രമേ കച്ചവടവും മെച്ചപ്പെടുകയുള്ളു. നമ്മുടെ നാട്ടിലെ ടൂറിസം രംഗം ശക്ത പ്പെടുത്താൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണം. ടൂറിസം രംഗം വളർന്നാൽ ഇവിടുത്തെ ഓട്ടോറിക്ഷ , ചുമട്ടുതൊഴിലാളികൾക്കു പ്രതിദിനം ആയിരമോ രണ്ടായിരമോ വരുമാനമുണ്ടാകും. അവർ ഇതുകൊണ്ട് നിത്യോപയോഗ സാധനങ്ങളും ചിക്കനും വസ്ത്രവും ചെരുപ്പുമെല്ലാം വാങ്ങുമ്പോൾ വിപണിയിൽ പണമെത്തും. കേരളത്തിൽ നിന്നും തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പുതുതലമുറ പോകുന്നത് വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാണ്.
ഇവിടെ ചെയ്യുന്ന ജോലിയേ അവർ അവിടെയും ചെയ്യുന്നുള്ളു. എന്നാൽ തൊഴിൽ സുരക്ഷയുണ്ട്. വീട് നിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കാരണങ്ങളാലാണ് അവർ അവിടെ നിൽക്കുന്നത്. നാട്ടിൽ മെച്ചപ്പെട്ട അന്തരീക്ഷവും സമാധാ നാവും ഉണ്ടാക്കിയാൽ അവരും തിരിച്ചു വരും. നിർമ്മാണ മേഖലയുടെ തകർച്ചവ്യാപാരികൾക്കും തിരിച്ചടിയാണ്. സിമൻ്റും കമ്പിയുമൊക്കെ വിറ്റഴിക്കണമെങ്കിൽ നിർമ്മാണം നടക്കണം . സാധന സാമഗ്രികളുടെ വിലക്കയറ്റം കാരണംസാധാരണക്കാർ വീടു നിർമ്മിക്കുന്നത് കുറഞ്ഞു. പലരും വാടക വീടുകളിലാണ് കഴിയുന്നത്.
ഉള്ള വീടുകളിൽ പ്രായമുള്ള അമ്മയും അച്ഛനുമൊക്കെയാണ് താമസം ഇവരുടെ മക്കളെല്ലാം വിദേശങ്ങളിലാണ്. വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് കാരണം സർക്കാരുകളുടെ നയങ്ങൾ കാരണമാണ്. ഒരാൾ മന്ത്രിയായാലും എം.എൽ.എ യായാലും കിട്ടുന്ന പെൻഷൻ വർദ്ധിച്ചു കൊണ്ടിരിക്കും. വ്യാപാരമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ പോലുമില്ല. കെട്ടി വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയത് വ്യാപാരികൾക്ക് തിരിച്ചടിയാണ്.
ഹോട്ടൽ , പച്ചക്കറി വ്യാപാരം നടത്തുന്നവർക്ക് ഇതിൻ്റെ റിട്ടേൺസ് ലഭിക്കുന്നില്ല. സ്വയം തൊഴിൽ ചെയ്യുന്നതിനായി വ്യാപാരം തുടങ്ങുന്നവർക്ക് ഏറെ വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. സുതാര്യവും സ്വതന്ത്രവുമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറയുമ്പോഴും താഴെ തട്ടിൽ അതൊന്നും നടപ്പിലാകുന്നില്ല. നിയമ പുസ്തകം നോക്കി തടസങ്ങൾ ഉന്നയിക്കുകയാണ് ഉദ്യോഗസ്ഥർ.ഇതിനൊരു മാറ്റം ഉണ്ടായാൽ മാത്രമേ വ്യാപാര രംഗത്ത് ചെറുകിട സംരഭങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാവുകയുള്ളുവെന്ന് സർക്കാർ ഓർക്കണമെന്നും ദേവസ്യ മേച്ചേരി പറഞ്ഞു.