സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

CPM Kannur District Conference from February 1 at Taliparamba
CPM Kannur District Conference from February 1 at Taliparamba

തളിപ്പറമ്പ്: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫെബ്രുവരി 3-ന് വൈകുന്നേരം 4 മണി മുതല്‍ സീതാറാം യെച്ചൂരി നഗറിലും (ഉണ്ടപ്പറമ്പ് മൈതാനം) നടക്കുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് സമ്മേളനങ്ങളും കേരള മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.മൂന്നുപതിറ്റാണ്ടിനുശേഷം തളിപ്പറമ്പ് ആതിഥ്യമരുളുന്ന പാര്‍ട്ടി സമ്മേളനത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനും കെ.സന്തോഷ് കണ്‍വീനറുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഏരിയക്ക് കീഴിലെ മുഴുവന്‍ ലോക്കലുകളിലും രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയങ്ങളെക്കുറിച്ചും നവകേരള നിര്‍മിതിയെക്കുറിച്ചുമുള്‍പ്പെടെ ആനുകാലികമായ വിവിധ വിഷയങ്ങളില്‍ 16 സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വന്‍ ബഹുജനപങ്കാളിത്തത്തോടെ കേന്ദ്ര കമ്മിറ്റിയംഗങ്ങളുള്‍പ്പടെ പ്രമുഖരായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്താണ് സെമിനാറുകള്‍ നടന്നത്. ഏഴാംമൈലില്‍ സ്ത്രീകള്‍ ജനാധിപത്യ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറോടെയാണ് സെമിനാറുകള്‍ക്ക് സമാപനമായത്. കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചറാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.

CPM Kannur District Conference from February 1 at Taliparamba

ചിന്ത പബ്ലിഷേഴ്സിന്റെ നേതൃത്വത്തില്‍ പുസ്തകോത്സവം വെള്ളിയാഴ്ച്ച മുതല്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു. എം.വിജിന്‍ എം എല്‍എ ഉദ്ഘാടനംചെയ്തു. പുസ്തകോത്സത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ചയും മറ്റ് കലാപരിപാടികളും സമ്മേളനം തീരുന്ന ദിവസംവരെ ടൗണ്‍സ്‌ക്വയറില്‍ നടക്കും. റിപ്പബ്ലിക്‌ ദിനത്തിൽ നടക്കുന്ന പ്രൊഫഷണൽ മീറ്റ്‌ കെ കെ എൻ പരിയാരം ഹാളിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. അന്ന്‌ വൈകുന്നേരം 6മണി മുതല്‍ കാക്കാത്തോട് ബസ്സ്റ്റാന്റില്‍  നടക്കുന്ന കലാസന്ധ്യ സിനിമാ നടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആയിരത്തിലേറെപേർ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും മുന്നൂറിലേറെ പേർ പങ്കെടുക്കുന്ന ഒപ്പന, നൂറിലേറെ പേർ പങ്കെടുക്കുന്ന മാര്‍ഗ്ഗം കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

ജില്ലയിലെ 18 ഏരിയാകമ്മിറ്റികളിൽ നിന്ന്‌ തെരഞ്ഞെടുത്ത 496 പ്രതിനിധികളും ജില്ലാകമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേർ സമ്മേളനത്തിൽ  പങ്കെടുക്കും. പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ മാസ്‌റ്റർ എംഎൽഎ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി ടീച്ചർ, ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, എ കെ ബാലൻ, എളമരം കരീം, കെ രാധാകൃഷ്‌ണൻ, പി സതീദേവീ, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എം സ്വരാജ്‌, ആനാവൂർ നാഗപ്പൻ,  കെ കെ ജയചന്ദ്രൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.  

CPM Kannur District Conference from February 1 at Taliparamba

പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കരിവള്ളൂരില്‍ നിന്നും കൊടിമരം കാവുമ്പായില്‍ നിന്നും ദീപശിഖ അവുങ്ങുംപൊയില്‍ ജോസ്–- ദാമോദരന്‍ സ്തൂപത്തില്‍നിന്നും,  പന്നിയൂര്‍ കാരാക്കൊടി പി. കൃഷ്ണന്‍ രക്തസാക്ഷി സ്തൂപത്തില്‍ നിന്നും തൃച്ഛംബരം ധീരജ് രാജേന്ദ്രന്‍ രക്തസാക്ഷി സ്തൂപത്തില്‍ നിന്നും വളണ്ടിയര്‍മാരുടേയും അത്‌ലറ്റുകളുടേയും നേതൃത്വത്തില്‍ ജനുവരി 31 ന് വൈകുന്നേരം 6 മണിക്ക് തളിപ്പറമ്പ് പ്ലാസ ജംഗ്ഷനില്‍ എത്തിച്ചേരും.

തുടര്‍ന്ന് ബാന്റ്സെറ്റിന്റെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ സീതാറാംയെച്ചൂരി നഗറിനെ ലക്ഷ്യമാക്കി നീങ്ങും. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. സമാപനദിവസത്തെ പൊതുസമ്മേളനത്തിന്‌ മുന്നോടിയായി ജില്ലയിലെ 18 ഏരിയകളില്‍ നിന്നുള്ള 15000 റെഡ് വളണ്ടിയര്‍മാര്‍ കേന്ദ്രീകരിക്കുന്ന മാര്‍ച്ച് കാക്കാത്തോട് ബസ്സ്റ്റാന്റ്, ചിറവക്ക് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് വൈകുന്നേരം 3 മണിക്ക് ആരംഭിക്കും.  

കൂടാതെ പൊതുസമ്മേളനത്തിനെത്തുന്നവർക്കായി വിപുലമായ  വാഹനപാർക്കിങ്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം, മയ്യില്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, ഇരിട്ടി, പാപ്പിനിശ്ശേരി എന്നീ ഏരിയകളിലെ വളണ്ടിയര്‍മാരെ കാക്കത്തോട് ബസ്സ്റ്റാന്റില്‍ ഇറക്കി   വാഹനങ്ങള്‍ കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപമാണ് പാര്‍ക്ക് ചെയ്യേണ്ടത്. പയ്യന്നൂര്‍, പെരിങ്ങോം, മാടായി, കണ്ണൂര്‍, എടക്കാട്, അഞ്ചരക്കണ്ടി, പിണറായി, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ എന്നീ ഏരിയകളിലെ വളണ്ടിയര്‍മാരെ ചിറവക്ക് ഗ്രൗണ്ടില്‍ ഇറക്കി മന്ന സയ്യിദ് നഗറില്‍ വാഹനങ്ങൾ പാര്‍ക്ക് ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍  കെ. സന്തോഷ്, പി മുകുന്ദൻ, പി കെ ശ്യാമള, ടി ബാലകൃഷ്ണൻ, സി എം കൃഷ്ണൻ, വി ബി പരമേശ്വരൻ, കെ ദാമോദരൻ, ഒ സുഭാഗ്യം എന്നിവർ പങ്കെടുത്തു .

Tags