മലബാർ കാൻസർ സെന്റർ രാജ്യത്തിന്റെ ആരോഗ്യ ഭൂപടത്തിൽ കൈമുദ്ര പതിപ്പിച്ചു: മന്ത്രി വീണ ജോർജ്

Malabar Cancer Center has left its mark on the country's health map: Minister Veena George
Malabar Cancer Center has left its mark on the country's health map: Minister Veena George

എരഞ്ഞോളി:രാജ്യത്തിന്റെ ആരോഗ്യ ഭൂപടത്തിൽ മലബാർ കാൻസർ സെന്റർ കൈമുദ്ര പതിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് തന്നെ അപൂർവമായിട്ടാണ് സർക്കാർ സംവിധാനത്തിൽ കാർ ടി സെൽ ചികിത്സ ലഭ്യമാക്കുന്നത്. കാർ ടി സെൽ തെറാപ്പിയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് രാജ്യത്തെ ഏറ്റവും മികച്ച കാൻസർ ചികിത്സാ കേന്ദ്രമായി മലബാർ കാൻസർ സെന്റർ മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനായി. 

tRootC1469263">

സ്പീക്കറുടെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.75 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ട് 16 ലക്ഷം രൂപയും ഉപയോഗിച്ചാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രണ്ട് അസിസ്റ്റന്റ് സർജൻമാർ, രണ്ട് നഴ്സിങ് ഓഫീസർമാർ, രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 20 ജീവനക്കാരുണ്ട്. ജനറൽ ഒപി, ലാബ് സൗകര്യം, ശ്വാസ് ക്ലിനിക്ക്, ആശ്വാസ് ക്ലിനിക്, രോഗപ്രതിരോധ കുത്തിവെപ്പ്, മരുന്ന് വിതരണം, ഗർഭിണികൾക്കുള്ള സേവനങ്ങൾ, പാപ്‌സ്മിയർ ക്ലിനിക്, ആരോഗ്യ പ്രതിരോധ പ്രവർത്തനം, എൻ ഡി ഡി ക്ലിനിക് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അമൃതകല റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ വസന്തൻ മാസ്റ്റർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിജു, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ഡി മഞ്ജുഷ, എരഞ്ഞോളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ആർ.എൽ സംഗീത, കെ ഷാജി, വി.കെ ജസ്ന, പഞ്ചായത്തംഗം വി.കെ നിമിഷ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയൂഷ്, ആർദ്രം നോഡൽ ഓഫീസർ ഡോ. സി.പി ബിജോയ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പി.കെ അനിൽ കുമാർ, രാഷ്ട്രീയ പ്രതിനിധികളായ എ.കെ രമ്യ, എം ബാലൻ, പ്രസന്നൻ, എ.പി ശർമിള എന്നിവർ പങ്കെടുത്തു.

Tags