നിക്ഷേപിച്ച അരക്കോടി തിരിച്ചു നൽകിയില്ല എളയാവൂർ സ്വദേശിയുടെ പരാതിയിൽ ആയിക്കരയിലെ സഹകരണ സ്ഥാപനത്തിനെതിരെ കേസെടുത്തു


കണ്ണൂർ: കണ്ണൂർ സിറ്റിയിലെ ആയിക്കരയിൽ സി.പി.എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എടക്കാട് കണ്ണൂർ സിറ്റി ഫിഷർമെൻ ഡവലപ്പ്മെൻ്റ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ വീണ്ടും പൊലിസ് കേസെടുത്തു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച 50 ലക്ഷം രൂപ തിരിച്ചു നൽകിയില്ലെന്ന എളയാവൂർ സ്വദേശി നാരായണൻ്റെ പരാതിയിലാണ് കണ്ണൂർ സിറ്റി പൊലിസ് കേസെടുത്തത്.
സൊസൈറ്റി സെക്രട്ടറി സുനിത, പ്രസിഡൻ്റ് സത്യ ബാബു, ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വർഷങ്ങളായി സൊസൈറ്റിയിൽ നാരായണൻ പണം നിക്ഷേപിച്ചു വരികയായിരുന്നു. കാലാവധി കഴിഞ്ഞതോടെ പണം തിരികെ ചോദിച്ചപ്പോൾ നൽകാനെ വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിരവധിയാളുകളാണ് ബാങ്ക് ഭരണസമിതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
സ്ഥാപനത്തിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം നടത്തിവരികയാണ്' നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്ന് ഭരണസമിതി പറയുന്നുണ്ടെങ്കിലും ഇതുവരെ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്.