30 വർഷം മുമ്പ് നടന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന ഓർമ്മയിൽ തളിപ്പറമ്പിലെ സഖാക്കൾ

Comrades of Taliparamba commemorating the CPIM Kannur district conference held 30 years ago
Comrades of Taliparamba commemorating the CPIM Kannur district conference held 30 years ago

തളിപ്പറമ്പ്: മൂന്നു പതിറ്റാണ്ടിനു ശേഷമാണ് സിപിഎം ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പ് വേദിയാകുന്നത്. ഇത്തവണ ഫെബ്രുവരി ഒന്ന് മുതൽ 3വരെയാണ് സമ്മേളനം. 1994ലാണ്  ഇതിനുമുൻപ് തളിപ്പറമ്പിൽ ജില്ലാ സമ്മേളനം നടന്നത്. അന്ന് കൂവോട് എകെജി സ്റ്റേഡിയത്തിൽ പ്രത്യേകം പന്തൽ തയ്യാറാക്കിയായിരുന്നു പ്രതിനിധി സമ്മേളനം നടത്തിയത്. വളണ്ടിയർ മാർച്ചും പൊതുസമ്മേളനവും അക്കിപ്പറമ്പ് സ്കൂളിന് പിറകിലെ പറമ്പിൽ ആയിരുന്നു. 

ഇ കെ നായനാരായിരുന്നു അന്നത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത്. പാച്ചേനി കുഞ്ഞിരാമൻ, വാടി രവി, പി വാസു തുടങ്ങിയ നേതാക്കളും അന്ന് ആ സമ്മേളനത്തിന്റെ ഭാഗമായിരുന്നു. അന്ന് ആ സമ്മേളനത്തിൽ പ്രതിനിധികളായും വളണ്ടിയർമാരായും ഉണ്ടായിരുന്ന പലരും ആ ഓർമ്മകളും ചേർത്ത് പിടിച്ച് ഇന്നും പാർട്ടിക്കൊപ്പം തന്നെയുണ്ട്..

അന്ന് സമ്മേളന പ്രതിനിധിയായി പങ്കെടുത്ത ടി കെ ഗോവിന്ദൻ ഇന്ന് വീണ്ടും തളിപ്പറമ്പിൽ മറ്റൊരു സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോൾ അതിന്റെ സംഘാടക സമിതി ചെയർമാനായി പ്രവർത്തിക്കുകയാണ്. ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു ആ സമ്മേളനം എന്നാണ് അദ്ദേഹം പറയുന്നത്. വാൾ പോസ്റ്ററുകളും ബോർഡുകളും കമാനങ്ങളും ഉപയോഗിച്ചായിരുന്നു അന്നത്തെ പ്രചരണം. കൂവോട് നടന്ന ജില്ലാ സമ്മേളനത്തിൽ കൂവോട് സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലും പരിസരത്തുമായായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നതെന്നാണ് ഭക്ഷണ കമ്മിറ്റി ചെയർമാൻ ആയിരുന്ന കെ കൃഷ്ണൻ പറയുന്നത്.

നാനാഭാഗത്ത് നിന്നും ആളുകൾ ഒഴുകിയെത്തിയ ആ സമ്മേളനം തളിപ്പറമ്പിന് ഒരു ഉത്സവം പോലെയായിരുന്നു എന്നാണ് സി പി എം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയംഗം കെ ദാമോദരൻ മാസ്റ്റർ ഓർത്തെടുക്കുന്നത്. കൂവോട് എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തിന്റെ സംഘടന പരമായ ശേഷിയും കരുത്തും ഉയർത്തിപ്പിടിച്ച് കൊണ്ടാണ് അന്ന് ആ സമ്മേളനം വിജയിപ്പിക്കാനും അതിന്റെ സംഘാടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നിർവഹിക്കാനും കഴിഞ്ഞതെന്നാണ് സി പി എം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയംഗം ടി ബാലകൃഷ്ണൻ പറയുന്നത്. 

അന്നത്തെ സമ്മേളനത്തിൽ വളണ്ടിയർ ആയിട്ടായിരുന്നു പി കെ ശ്യാമള ടീച്ചർ പ്രവർത്തിച്ചിരുന്നത്. അന്ന് തളിപ്പറമ്പിലെ യുവജന സംഘടനയുടെ നേതാവായിരുന്ന ഐ വി നാരായണനും ഇന്ന് ആന്തൂർ നഗരസഭ ചെയർമാൻ കൂടിയായ പി മുകുന്ദനും അന്നത്തെ ആ സമ്മേളനത്തിന്റെ ഭാഗമായിരുന്നു.