കണ്ണൂർ മാച്ചേരിയിൽ കുളത്തിൽ മുങ്ങിമരിച്ച സഹപാഠികൾക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

eachur death

ചക്കരക്കൽ: ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥികൾക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ളാസ് വിദ്യാർത്ഥികളായ ഇരുവരുടെയും ചേതനയറ്റ ശരീരം സ്കൂൾ അങ്കണത്തിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ ഒരു നോക്ക് കാണാനാവാതെ സഹപാഠികളും അധ്യാപികമാരും കണ്ണീർ പൊഴിച്ചു. തങ്ങളുടെ കൂടെ കളിചിരിയുമായി ക്ളാസ് ബെഞ്ചിലും സ്കൂൾ അങ്കണത്തിലും നിറഞ്ഞു നിന്നിരുന്ന സഹപാഠികൾ ഇനി വരില്ലല്ലോയെന്ന വേദനയാണ് കണ്ണീരായി പെയ്തത്. 

പെരുമഴ ദുരന്തമായി പെയ്ത കറുത്ത ശനിയാഴ്ച്ചയാണ് ഏച്ചൂർ നമ്പ്യാർ പിടികയ്ക്ക് സമീപം കുളത്തിൽ മുങ്ങി രണ്ടു വിദ്യാർത്ഥികൾ മരിച്ചത്. ഇവരുടെ സൈക്കിളും വസ്ത്രങ്ങളും ചെരുപ്പുകളും കുളത്തിൻ കരയിലുണ്ടായിരുന്നു. മാച്ചേരി അയ്യപ്പൻ മല റോഡിൽ അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (12)മാച്ചേരിയിലെ നഫീസ മൻസിലിൽ മുഹമ്മദ് മിസ്ബാഹുൾ അമീർ ( 12 ) എന്നിവരാണ് അതി ദാരുണമായി മരിച്ചത്. 

ശനിയാഴ്ച്ച പകൽ പന്ത്രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവർ ചെളി നിറഞ്ഞ കുളത്തിൽ രണ്ടു പേരും പുതഞ്ഞു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് അടുത്ത വീട്ടിൽ നിർമ്മാണ തൊഴിൽ ചെയ്തിരുന്ന ബിജേഷ്, ജിനീഷ് ,സാജു എന്നിവരെത്തി മുങ്ങിയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

 വർഷങ്ങളായി ഉപയോഗിക്കതെ കിടന്ന കുളമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആദിലിൻ്റെ പിതാവ് നവാസ് ഗൾഫിലാണ്. അൻസിയയാണ് ഉമ്മ' സഹോദരൻ: അദി നാൻ. മുനീറാണ് അമീറിൻ്റെ പിതാവ്. സാജിദയാണ് മാതാവ്: യഹ്നാൻ സഹോദരനാണ് ഞായറാഴ്ച്ച രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റു മോർട്ടത്തിന് ശേഷം ഭൗതിക ശരീരങ്ങൾ മൗവ്വഞ്ചേരി മദ്റസാ കോംപൗണ്ടിലും ഇരുവരുടെയും വീടുകളിലും പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

Tags