മരിച്ചിട്ടും മതിയാക്കാത്ത കുടിപ്പക: ചിത്രലേഖയുടെ ഭർത്താവിൻ്റെ കാൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ നേതൃത്വത്തിലെത്തിയ സംഘം തല്ലിയൊടിച്ചു
മയ്യിൽ: ജീവിക്കാൻ തൊഴിൽ ചെയ്യുന്നതിനായി വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തിയ ദളിത് പോരാളിയായിരുന്ന മരണമടഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖയുടെ ഭർത്താവിനെ സി.പി.എം പ്രാദേശിക നേതാവിൻ്റെ നേതൃത്വത്തിൽ വീട്ടിൽ കയറി അതി ക്രുരമായി മർദ്ദിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്തതായി പരാതി. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ കാട്ടാമ്പള്ളി കുതിരത്തടത്തിലുള്ള ചിത്രലേഖയുടെ വീട്ടിൽ കയറിയാണ് സി.പി.എം പ്രാദേശിക നേതാവ് സജിയുടെ നേതൃത്വത്തിലുള്ള സംഘം ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ് കാന്തിനെ പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്പ് വടികൊണ്ടു ദേഹമാസകലം മർദ്ദിക്കുകയും ഇടതുകാൽ തല്ലിയൊടിക്കുകയും ചെയ്തത്.
കാലിൻ്റെ എല്ലുപൊട്ടിയിട്ടുണ്ട്. ശ്രീഷ് കാന്തിനെ നാട്ടുകാരാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്നാം തീയ്യതി ഏറെക്കാലത്തെ സമരങ്ങൾക്ക് ശേഷം ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് അനുവദിച്ചിരുന്നു. മകൾ മേഘയുടെ പേരിലാണ് കണ്ണൂർ നഗരത്തിൽ ഓടാനുള്ള കെ.എം.സി നമ്പർ നൽകിയത്. തങ്ങൾക്ക് അവകാശപ്പെട്ട കെ.എം.സി നമ്പർ നിഷേധിച്ചത് രാഷ്ട്രീയ വൈരാഗ്യം കാരണമാണെന്ന് ശ്രീഷ് കാന്ത് മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.
ഇതിൽ വൈരാഗ്യം കൊണ്ടാണ് അക്രമം നടത്തിയതെന്ന് പൊലിസ് സംശയിക്കുന്നു. സംഭവത്തിൽ ശ്രീഷ് കാന്തിൻ്റെ പരാതിയിൽ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.