അടച്ചിട്ട വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചത് വീട്ടുടമ യു. എ. ഇയില്‍ നിന്നും സി.സി.ടി.വിയില്‍ ലൈവായി കണ്ടു ; പൊലിസിനെ വിവരമറിയിച്ചപ്പോള്‍ തടിതപ്പി കവര്‍ച്ചയ്ക്കാര്‍

CCTV


തലശേരി: അടച്ചിട്ട വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചത് പ്രവാസിയായ വീട്ടുടമ സിസിടിവിയില്‍ ലൈവായി കണ്ടതോടെ കള്ളന്മാര്‍ മുങ്ങി. കണ്ണൂര്‍ ജില്ലയിലെ  പാനൂര്‍  കുന്നോത്തുപറമ്പിലാണ് സംഭവം. യുഎഇയില്‍ പ്രവാസിയായ സുനില്‍ ബാബുവിന്റെ വീട്ടിലാണ് രാത്രി ഒന്‍പതരയോടെ രണ്ട് പേര്‍ മോഷ്ടിക്കാന്‍ എത്തിയത്. പുറകുവശത്തെ വാതില്‍ തുറന്ന് അകത്തുകയറാനായിരുന്നു പദ്ധതി. 

സിസിടിവി കണ്ടതോടെ അത് മറയ്ക്കാനും ശ്രമം നടത്തി. ആളനക്കം നോട്ടിഫിക്കേഷന്‍ കിട്ടിയ സുനില്‍ ബാബു യുഎഇയില്‍ ഇരുന്ന് ഇത് ലൈവായി കാണുന്നുണ്ടായിരുന്നു. ഉടന്‍ കൊളവല്ലൂര്‍ പോലീസിനെയും അയല്‍വാസിയെയും വിവരം അറിയിച്ചു.  ഇതിനു ശേഷം അയല്‍വാസി പുറത്തിറങ്ങി നോക്കിയതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അകത്തുകയറാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. 

കൊളവല്ലൂര്‍  പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.കഴിഞ്ഞ  നാല് മാസമായി അടച്ചിട്ടിരിക്കുകയാണ് സുനില്‍ ബാബുവിന്റെ വീട്. മോഷണം ഭയന്നാണ് ഇയാള്‍ അത്യാധൂനിക സി.സി.ടി.വി വീട്ടിനകത്തും പുറത്തും സ്ഥാപിച്ചത്. കാലവര്‍ഷം കടുത്തതോടെ കണ്ണൂര്‍ ജില്ലയില്‍ മോഷണം വ്യാപകമാണ്. അടച്ചിട്ട വീടുകളിലാണ് കവര്‍ച്ചകള്‍ കൂടുതലായി നടന്നുവരുന്നത്.

Tags