ഇല കൊണ്ട് സി.സി.ടി.വി ക്യാമറ മറച്ചു : ഇരിക്കൂറിൽ എ.ടി.എം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ച മോഷ്ടാവിനായി അന്വേഷണം ഊർജ്ജിതമാക്കി

CCTV camera hid with leaves: Investigation intensified for the thief who tried to break the ATM counter and steal money in Irkhur
CCTV camera hid with leaves: Investigation intensified for the thief who tried to break the ATM counter and steal money in Irkhur

ഇരിക്കൂർ :ഇരിക്കൂർ ടൗണിലെ എടിഎമ്മിൽ മോഷ്ടിക്കാൻ കയറിയപ്പോൾ  പൊലീസ് ജീപ്പ് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട യുവാവിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിക്കൂറിൽ ചൊവ്വാഴ്ച്ച അർധരാത്രിയാണ് സംഭവം. സിസിടിവി മറയ്ക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് ആസ്ഥാനത്ത് സന്ദേശമെത്തിയതാണ് കളളന് വിനയായത്. മോഷണ ശ്രമത്തിന്‍റെയും പൊലീസെത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

അര്‍ധരാത്രി പന്ത്രണ്ടരയോടെ ഇരിക്കൂര്‍ ടൗണിലെ കാനറാ ബാങ്ക് എടിഎമ്മിലാണ് തുണികൊണ്ട് മുഖം മറച്ച് മോഷ്ടാവ് എത്തിയത്. എടിഎം ഇളക്കിയശേഷം കവര്‍ച്ച നടത്താനാണ് ശ്രമിച്ചത്. എന്നാൽ, ഈ ശ്രമത്തിനിടയിൽ സെക്കന്‍റുകള്‍ക്കുള്ളിൽ പൊലീസ് ജീപ്പ് പാഞ്ഞെത്തി. പൊലീസിന് കണ്ടപാടെ മോഷ്ടാവ് എടിഎമ്മിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. സമീപത്തെ വീടിന് പിന്നിലൂടെ പറമ്പിലേക്ക് ഓടിമറഞ്ഞു. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല ഇരിക്കൂർ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്താണ് കാനറാ ബാങ്ക് എടിഎം. മോഷ്ടാവ് അവിടെയെത്തി നേരത്തെ പരിസരം നിരീക്ഷിച്ചിരുന്നു. 

മുൻവശത്തുളള സിസിടിവി ക്യാമറ ഇലവെച്ച് മറയ്ക്കാൻ ശ്രമിച്ചിരുന്നു. അതിനുശേഷമാണ് അകത്തുകയറുന്നത്. അപ്പോഴേക്കും ബാങ്കിന്‍റെ മുന്നറിയിപ്പ് സംവിധാനത്തിൽ വിവരമെത്തിയിരുന്നു. ഇല കൊണ്ട് സിസിടിവി ദൃശ്യം മറയ്ക്കാൻ ശ്രമിച്ചതോടെയാണ് മുന്നറിയിപ്പ് സന്ദേശം ബാങ്കിലേക്ക് പോയത്. ബാങ്ക് അധികൃതര്‍ ഉടൻ ഇരിക്കൂർ പൊലീസിൽ വിവരം അറിയിച്ചു.

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇരുനൂറ് മീറ്റർ മാത്രം അകലെയുളള എടിഎമ്മിലേക്ക് പൊലീസ് ജീപ്പ് കുതിച്ചെത്തി. ജീപ്പ് എത്തിയ ഉടനെ മോഷ്ടാവ്കടന്നു കളയുകയായിരുന്നു. പട്ടുവം  ഭാഗത്തേക്കാണ് ഇയാൾ പോയതെന്നാണ് നിഗമനം.സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ബാങ്കിന്‍റെ മുന്നറിയിപ്പ് സംവിധാനം കൃത്യമായി വിവരം നൽകിയതും ആ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന് വേഗം എത്താനായതിനാലുമാണ് മോഷണ ശ്രമം പൊളിക്കാനായത്. ബാങ്ക് മാനേജരുടെ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Tags