പാലകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ ബിംബ പ്രതിഷ്ഠ 12ന്

bimba prathishta

തളിപ്പറമ്പ: പാലകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ ബിംബ പ്രതിഷ്ഠ ചടങ്ങുകൾ ജൂലൈ 10, 11, 12 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രം തന്ത്രി ഉഷകാമ്പ്രം പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

10ന് വൈകുന്നേരം 6.30 മുതൽ പ്രാസാദശുദ്ധി, രക്ഷോഘ്‌ന ഹോമം, വാസ്‌തു ഹോമം, വാസ്തു കലശം, വാസ്‌തു ബലി, അസ്ത്രകലശം, വാസ്തു പുണ്യാഹം, അത്താഴപൂജ എന്നിവ നടക്കും. 11ന് രാവിലെ ഗണപതി ഹോമം, ഉഷഃപൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം എന്നിവയും വൈകുന്നേരം ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ, പഞ്ചകം എന്നിവയും ഉണ്ടാകും. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ ജൂലൈ 12ന് രാവിലെ 9 മണിക്കും 9.44 നും ഇടയിലുള്ള ദേവ മുഹൂർത്തത്തിൽ നടക്കും.

കണ്ണൂർ,കാസർകോട് ജില്ലകളിലായി ഒന്നോ രണ്ടോ ക്ഷേത്രങ്ങളിൽ മാത്രമാണ് നവഗ്രഹ ക്ഷേത്രം ഇപ്പോഴുള്ളത്. ക്ഷേത്രത്തിൽ മുമ്പ് നടന്ന  സ്വർണ്ണ പ്രശ്ന ചിന്തയിൽ തെളിഞ്ഞ്, മലബാർ ദേവസ്വം ബോർഡിന്റെ അംഗീകാരത്തോട് കൂടിയാണ് ക്ഷേത്ര നിർമ്മാണം നടന്നത്. 

ജൂലായ് 11 ന് സന്ധ്യക്ക് ക്ഷേത്രനടയിൽ തൃച്ചംബരത്തെ വാദ്യ കലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറുമെന്നും പ്രതിഷ്ഠാ കർമ്മം നാടിന്റെ ഉത്സവമാക്കി മാറ്റാൻ മുഴുവൻ ഭക്തജനങ്ങളുടേയും സഹകരണം ഉണ്ടാകണമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളത്തിൽ പി. സുരേഷ്, കെ.രവീന്ദ്രൻ, വി.പി രമേശൻ എന്നിവർ പങ്കെടുത്തു.

Tags