റോഡുകളില്‍ ആളെക്കൊല്ലും കുഴികള്‍, അനങ്ങാപ്പാറ നയം സ്വീകരിച്ച് അധികൃതര്‍

hole

കണ്ണൂര്‍: കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ റോഡിലെ വന്‍കുഴികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. ദേശീയപാതയിലെയും മറ്റു റോഡുകളിലെയും കുഴികളില്‍ ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലായി വീഴുന്നത്. വന്‍ഗര്‍ത്തങ്ങളില്‍ മഴയ്ക്കു വെളളം കെട്ടി നില്‍ക്കുന്നതിനാല്‍ കുഴിയേത് റോഡേതെന്നു തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
 
ഇതുകൂടാതെ ആറുവരി ദേശീയ പാതയ്ക്കായി നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ കലുങ്കുകള്‍ക്കായെടുത്ത കുഴികളിലും വെളളം കെട്ടി നില്‍ക്കുന്നത് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. കണ്ണൂര്‍ -തലശേരി ദേശീയ പാതയിലെ കിഴുത്തളളി ബൈപ്പാസില്‍ വന്‍കുഴികളാണ്‌ രൂപപ്പെട്ടിരിക്കുന്നത്. ആഴത്തിലുളള കുഴികളില്‍ വെളളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇവിടെ ഇരുചക്രവാഹനങ്ങള്‍ വീണു അപകടമുണ്ടാകാന്‍ സാധ്യതയേറെയാണ്.

വേനല്‍ക്കാലത്ത് അറ്റകുറ്റപണികള്‍ നടത്താത്തതാണ് കുഴികള്‍ രൂപപ്പെടാന്‍ കാരണമായത്. കണ്ണൂര്‍ -കാസര്‍കോട് ദേശീയ പാതയിലും ഇതുതന്നെയാണ് അവസ്ഥ. കണ്ണൂര്‍-മട്ടന്നൂര്‍ വിമാനത്താവള റോഡിലും എണ്ണിയാല്‍ തീരാത്ത കുഴികളാണുളളത്. സംസ്ഥാന പാതയിലെ ഈ കുഴികള്‍ കാരണം ഇതുവഴി യാത്രതന്നെ ദുസഹമായിരിക്കുകയാണ്. ഇതുകൂടാതെ കോര്‍പറേഷന്‍ പരിധിയിലുളള കണ്ണൂര്‍ നഗരത്തിലെ റോഡുകളും തകര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മഴ തുടങ്ങിയതു മുതല്‍ നിരവധി വാഹനാപകടങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നത്. നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. റോഡ് ടാക്‌സ് മുന്‍കൂട്ടിവാങ്ങിയിട്ടും അധികൃതര്‍ കുഴിയടക്കാത്തതില്‍ യാത്രക്കാരില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ മഴയ്ക്കു ശമനമില്ലാതെ തുടരുന്ന സാഹചാര്യത്തില്‍ ഇപ്പോള്‍ കുഴിയടക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍.