പയ്യാവൂര്‍ ഊട്ടുത്സവം: കോമരത്തച്ഛന്‍ കുടകിലേക്ക് പുറപ്പെട്ടു

As part of the Payyavoor Utsavam Komarathachan left for Kodaku
As part of the Payyavoor Utsavam Komarathachan left for Kodaku

പയ്യാവൂര്‍: കര്‍ണ്ണാടകയിലെ കുടക് നിവാസികളും കേരളീയരും സംയുക്തമായി നടത്തുന്ന പയ്യാവൂര്‍ ഊട്ട്മഹോല്‍സവത്തിന് കുടകിലെ പ്രമുഖ തറവാടുകളില്‍ ഊട്ട് അറിയിക്കുന്നതിനായി കിരാതമൂര്‍ത്തിയുടെ പ്രതിപുരുഷനായി കണക്കാക്കുന്ന കോമരത്തച്ഛന്‍ കുടകിലേക്ക് പുറപ്പെട്ടു. മകരമാസം പതിനഞ്ചിനാണ് പയ്യാവൂരപ്പന്റെ ഊട്ടുമഹോല്‍സവത്തിന്റെ പ്രാരംഭ ചടങ്ങായ 'ഊട്ടറിയിച്ച് പോകല്‍' നടക്കുന്നത്.

കോമരത്തച്ഛന്‍ തലേ ദിവസം തന്നെ ക്ഷേത്രത്തിലെത്തി വ്രതാനുഷ്ടാനത്തോടെ വിശ്രമിക്കും. മകരം പതിനഞ്ചിന് പുലര്‍ച്ചെ ശുഭമുഹൂര്‍ത്തത്തില്‍ 'കച്ചില' എന്ന വിശേഷപ്പെട്ട ഉത്തരീയവും ചുറ്റി ക്ഷേത്രത്തിലെ വിശേഷാല്‍ പ്രഭാത പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷം മേല്‍ശാന്തിയില്‍ നിന്നും 'കടുത്തില' എന്ന സവിശേഷമായ തിരുവായുധവും ഏറ്റുവാങ്ങി ആചാരക്കുടയുമെടുത്ത് കിഴക്ക് ഭാഗത്തേ കുടക് വനത്തിനെ ലക്ഷ്യമാക്കി ഓടി മറയും.

പണ്ട് കാലത്ത് ഊട്ടുല്‍സവം മുടങ്ങിയപ്പോള്‍ ഊട്ട് നടത്തുന്നതിനായി കുടകിലെ പ്രധാനികളെ ചുമതലപ്പെടുത്തുന്നതിനായി കിരാതമൂര്‍ത്തി കുടകിലേക്ക് യാത്ര പോയതിനെ അനുസ്മരിപ്പിക്കും വിധമുള്ള ചടങ്ങാണ് ഊട്ടറിയിച്ച് പോകല്‍. കേരള അതിര്‍ത്തിയായ കാഞ്ഞിരക്കൊല്ലിയിലെ ഉടുമ്പ പുഴ കടന്ന് കാട്ടിലൂടെ കാല്‍ നടയായി ചെങ്കുത്തായ മലകയറിയാണ് കോമരത്തച്ഛന്‍ കുടകില്‍ എത്തിചേരുന്നത്.

As part of the Payyavoor Utsavam Komarathachan left for Kodaku

ആദ്യ ദിവസം വൈകിട്ടോടെ ചെയ്യന്റണയിലെ മുണ്ടിയോടന്റ തറവാട്ടിലെത്തി വിശ്രമിക്കുകയും പിറ്റേ ദിവസം രാവിലെ ബഹുരിയന്റ മനയിലും തുടര്‍ന്ന് കടിയത്ത് നാട്ടിലെ കോക്കേരി, തിരുന്താട്, ചേരമന, വലംമ്പേരി, പാറാണെ, അരപ്പട്ട്, നടുക്കേരി, കടുംഗ, കരട, ചെയ്യന്റണ തുടങ്ങിയ പന്ത്രണ്ടോളം ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലും പ്രധാന തറവാടുകളിലും ഊട്ടറിയിച്ച് വിരാജ്‌പേട്ടയ്ക്ക് അടുത്ത് ചേലാപുരത്തെ ചുഴലി ഭഗവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തും.

പണ്ട് കാലത്ത് മടിക്കേരി ട്രഷറിയിലും ഊട്ട് അറിയിച്ച് പോകാറുണ്ടായിരുന്നു. കുടക് രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന ഒരു ആചാരമായിരുന്നു ഇത്. ഇക്കാര്യം ട്രഷറിയിലെ രജിസ്ട്രറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ഈ ചടങ്ങ് മുടങ്ങി പോയിട്ടുണ്ട്. പതിനൊന്നാമത്തെ ദിവസം ബമ്മട്ടന്‍പാറയില്‍ വെച്ച് വരുന്ന വര്‍ഷത്തേക്കുള്ള 'കണ്ടിപ്പണം' കൈമാറി പയ്യാവൂരിലേക്ക് എത്തി പഴശ്ശി ഭഗവതി ക്ഷേത്രത്തില്‍ എത്തി തിരുവായുധം വെച്ച് തൊഴുത് പയ്യാവൂരമ്പലത്തിലും തൊഴുത് കോമരത്തച്ഛന്‍ വീട്ടിലേക്ക് മടങ്ങും.

ദേവസ്വം ചെയര്‍മാന്‍ ബിജു തളിയില്‍, ട്രസ്റ്റി ബോർഡംഗം കെ.വി. ഉത്തമരാജന്‍, മിടാവൂര്‍ ക്ഷേത്രം പ്രസിഡന്റ് ഫല്‍ഗുനന്‍ മേലേടത്ത്, ഗോവിന്ദന്‍ മഞ്ഞേരി, കെ.വി. രമേശന്‍, ഗോവിന്ദന്‍ പി.വി എന്നിവരുടെ നേതൃത്വത്തില്‍ കോമരത്തച്ഛനെ യാത്രയാക്കി.

Tags