അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം: കണ്ണൂർ ജില്ലാ ഡിഎംഒ
കണ്ണൂർ : അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ടാങ്കുകൾ വൃത്തിയാക്കണം. ശുദ്ധീകരിക്കാത്ത കുളങ്ങളിൽ മുങ്ങാംകുഴി ഇട്ട് കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുകയുമാണ് ചെയ്യുന്നത്
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
ലക്ഷണങ്ങൾ
* തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ.
കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ
* ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ.
രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും.
രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. രോഗലക്ഷണങ്ങൾ ഡോക്ടറെ നിർബന്ധമായും അറിയിക്കണം.
രോഗം പ്രതിരോധിക്കാം
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തല മുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാം കുഴി ഇട്ടു ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
* നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
* വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
* മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും, ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക.
* കിണറുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ(ഹെപറ്റയിറ്റിസ് എ ) രോഗത്തെ തടയുന്നതിനും സഹായിക്കും.
നീന്തൽക്കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങൾ
* ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളയുക.
* സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക.
* പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക.
* നീന്തൽക്കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക.
* പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക,
* വെള്ളത്തിന്റെ അളവിനനുസരിച്ച് (അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1,000 ലിറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലെവൽ 0.5 പി പി എം മുതൽ 2 പി പി എം ആയി നിലനിർത്തുക.
.jpg)

