ചിറക്കൽ രാജാസ് യു.പി സ്കൂളിന് പാർക്ക് സമർപ്പിച്ച് പൂർവ്വ വിദ്യാർത്ഥികൾ


ചിറക്കൽ: ചിറക്കൽ രാജാസ് യു.പി.സ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ വക കുട്ടികളുടെ പാർക്ക് സമർപ്പിച്ചു. 1980 ലെ ഏഴാം ക്ലാസ് ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ 'പൂവളപ്പ് 1980' ആണ് പാർക്ക് നിർമ്മിച്ചു നൽകിയത്. മുൻകാലത്ത് രാജാസ് യു.പി. സ്കൂളിൻ്റെ അപരനാമമായിരുന്ന പൂവളപ്പ് സ്കൂൾ എന്ന പേര് ഓർമ്മിപ്പിക്കുന്നതാണ് കൂട്ടായ്മയുടെ പേര്.
സ്കൂൾ വളപ്പിൽ ഇരിപ്പിടങ്ങളും വിനോദത്തിനും വായനയ്ക്കുമുള്ള സംവിധാനങ്ങളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. പൂർവ്വാദ്ധ്യാപകരായ ജാനകി, രാധാമണി, ചിത്ര, തങ്കമണി, വിമല എന്നിവർ ചേർന്ന് പാർക്ക് സമർപ്പിച്ചു.
സ്കൂളിൽ ചേർന്ന കുടുംബ സംഗമത്തിൽ ഗുരുവന്ദനവും നടത്തി. പ്രധാനാദ്ധ്യാപകൻ രാജീവൻ, പി ടി എ പ്രസിഡൻ്റ് മനോജ്, പൂർവ്വവിദ്യാർത്ഥികളായ മനോജ് നായർ, അനീഷ്കുമാർ കെ.വി., യു.പി. സന്തോഷ്, രമാവതി, ശിവദാസ്, റഷീദ് തുടങ്ങിയവർ സംസാരിച്ചു.