മൊഴി പരസ്യമായതോടെ ഒരു നിമിഷം പോലും കലക്ടറായി തുടരാൻ അർഹതയില്ല അഡ്വ. കെ. ശ്രീകാന്ത്
കണ്ണൂർ : ജില്ലാ കലക്ടർ അരുൺ കെ വിജയൻ പൊലീസിന് നൽകിയ മൊഴി പരസ്യമായതോടെ എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ കണ്ണൂർ ജില്ലാ കലക്ടർക്ക് വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമാകുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. ജില്ലാ കലക്ടറെ മാറ്റിനിർത്തിയില്ലെങ്കിൽ ഈ അന്വേഷണം പൂർണമായി അട്ടിമറിക്കപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.
സിപിഎം നേതാവ് പി പി ദിവ്യയെ സംരക്ഷിക്കാനുള്ള കുതന്ത്രമാണ് ജില്ലാ കലക്ടർ നടത്തിയിരിക്കുന്നത്. പി പി ദിവ്യയുമായി ജില്ലാ കലക്ടർ നടത്തിയ ഗൂഢാലോചന ഇതോടെ മറനീക്കി പുറത്തേക്ക് വന്നിരിക്കുകയാണെന്ന് ശ്രീകാന്ത് പറഞ്ഞു. പിണറായി സർക്കാർ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെങ്കിൽ ജില്ലാ കലക്ടർക്കെതിരെ ഉടനെ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അരുൺ കെ വിജയന് ജില്ലാ കലക്ടറായി തുടരാൻ ഒരു നിമിഷം പോലും അർഹതയില്ലെന്ന് ശ്രീകാന്ത് പ്രസ്താവനയിൽ പറഞ്ഞു.