ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആസിഡ് ചോര്‍ന്നു; നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവം കണ്ണൂരിൽ

TANKER ACID

കണ്ണൂര്‍: ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആസിഡ് ചോര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയ്ക്കടുത്ത് രാമപുരത്താണ് സംഭവം. മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ് ചോര്‍ന്നത്. ടാങ്കറിന്റെ വാല്‍വിലായിരുന്നു ചോര്‍ച്ച.

വെള്ളിയഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അഗ്‌നിശമന സേനയും പരിയാരം പോലീസും ഇടപെട്ട് ലോറി സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് മാറ്റി. ആസിഡ് മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും വിജയിച്ചില്ല.

ഇതിനിടെ ടാങ്കറിലുണ്ടായിരുന്ന മൂന്നില്‍ രണ്ട് ഭാഗം ആസിഡും പുറത്തേക്ക് പോയിരുന്നു. ഒടുവില്‍ ആസിഡ് ഉണ്ടായിരുന്ന ടാങ്കര്‍ ലോറി കുത്തനെ ഇറക്കത്തില്‍ വെച്ച് ചോര്‍ച്ച താത്കാലികമായി പരിഹരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ വാല്‍വ് മാറ്റിയാണ് പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചത്. ഇതോടെയാണ് മണിക്കൂറുകളോളം നിലനിന്ന പ്രദേശവാസികളുടെ ആശങ്കയ്ക്ക് അറുതിയായത്. രണ്ട് ടാങ്കര്‍ ലോറികളും സ്ഥലത്തുനിന്ന് കൊണ്ടുപോയി.

ആസിഡ് ചോര്‍ച്ചയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ സമീപത്തെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളായ പത്തുപേര്‍ക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. അഫ്സാന (20), ഫാത്തിമത്ത് സഫ്‌ന (21) എന്നിവരെ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപര്‍ണ (21), ഹിബ (21), രേണുക (21), അര്‍ജുന്‍ (21) എന്നീ വിദ്യാര്‍ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags