കണ്ണൂർ താണയിൽ അവശനിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാനക്കാരൻ മരിച്ചു


കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് ദുരുഹ സാഹചര്യത്തിൽ മരിച്ചു. താണ കരുവള്ളിക്കാവ് റോഡിനടുത്തെ കെട്ടിടത്തിലെ സ്റ്റയർകേസിനടുത്താണ് പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി പ്രസൻജിത്ത് പോളെന്ന (42) ലിറ്റൻപോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു യുവാവിനെ കണ്ടെത്തിയത്.
നാട്ടുകാർ അവശനിലയിലായ ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാത്രി മുതൽ യുവാവിനെ അവിടെ കണ്ടിരുന്നതായി നാട്ടുകാർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ താണയിലെ ക്വാർട്ടേഴ്സിലെത്തി മറ്റു ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തു.
യുവാവിന് മാരകമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പൊലിസ് പറഞ്ഞു.