കോടതി വിധിച്ച ശമ്പള കുടിശ്ശികയ്ക്ക് കാത്ത് നിൽക്കാതെ രാജീവൻ യാത്രയായി..

rajeevan

കണ്ണൂർ: കോടതി വിധിച്ച ശമ്പള കുടിശ്ശിക കൈനീട്ടി വാങ്ങാൻ ഇനി രാജീവൻ ഇല്ല..ദീർഘകാലം അറബിനാട്ടിൽ കഷ്ട്ടപ്പെട്ടതിന്റെ കൂലി വാങ്ങാൻ രാജീവനില്ല എന്നത് ഏവർക്കും ഒരു നൊമ്പരമായ മാറുകയാണ്. ദീർഘകാലമായ് സൗദി അറേബ്യയിലെ ഹായിലിൽ സനയ്യയിലെ അൽനാദ കമ്പനിയിൽ ഫർണ്ണിച്ചർ ഡിപ്പാർട്ട്മെൻറ്റിലെ പെയിൻറ്റിങ്ങ് തൊഴിലാളിയായിരുന്ന കണ്ണൂർ ജില്ലയിലെ ബക്കളം- ധർമ്മശാല സ്വദേശി രാജീവൻ കലിക്കോട്ട് വളപ്പിൽ ജൂൺ 15നായിരുന്നു  ഹൃദയസ്തംഭനത്തെ തുടർന്ന് ഹായിലിലെ കിംങ് ഖാലിദ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്.

കമ്പനിയുടെ അനാസ്ഥകാരണം നീണ്ട അഞ്ച് വർഷക്കാലം ഇക്കാമ പുതുക്കുകയോ കൃത്യമായ് ശബളം ലഭിക്കുകയോ ചെയ്യാതെ നാട്ടിൽപ്പോലും വരാനാകാതെ കഴിയുകയായിരുന്നു രാജീവൻ. തുടർന്ന് നവോദയ പ്രവർത്തകരാണ് സ്പോൺസർക്കെതിരെ ശമ്പള കുടിശ്ശികക്ക് വേണ്ടി കേസ്സ് ഫയൽ ചെയ്യാൻ രാജീവൻ സഹായിച്ചത്. വളരെ പെട്ടെന്ന് തന്നെ കോടതി ഇടപെട്ട് കൊണ്ട് വിധി പറയുകയും ശമ്പള കുടിശ്ശിക മുഴുവനായും നൽകി ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് പറഞ്ഞയക്കാൻ വിധിക്കുകയും ചെയ്തു.

rajeevan

വിധി വന്ന് ഒരു വർഷം പിന്നിട്ടിട്ടും ഇദ്ദേഹത്തിന് ലഭിക്കേണ്ട തുക കമ്പനി അധകൃതർ നൽകാൻ തയ്യാറായില്ല. നിയമകുരുക്കിൽ പെട്ട സ്പോൺസർ കമ്പനി മറ്റൊരു വ്യക്തികൾക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. എന്നാൽ ജീവനാമ്ശത്തിന് കാത്തുനിൽക്കാതെ രാജീവൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചിട്ട് പോലും അദ്ദേഹത്തിൻ്റ സ്പോൺസർ ഒന്ന് അന്വേഷിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.

രാജീവന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹായിൽ നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ, രക്ഷാധികാരി അംഗങ്ങളായ രാജേഷ് തലശ്ശേരി, പ്രശാന്ത് കൂത്തുപറമ്പ സാമൂഹ്യ പ്രവൃത്തകൻ ചഹൻഷാ അദുൾ റഹ്മാൻ എന്നിവരാണ് രാജീവന്റെ മൃതശരീരം നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുന്നത്.

പരേതനായ കെ.വി.ഗോപാലന്റെയും സി.ശാന്തയുടെയും മകനാണ് രാജീവൻ. ഭാര്യ രത്നമണി ഇ, മക്കൾ: ജിഷ്ണു രാജ് . (ഇസെഡ് ഇൻ്റീരിയോ വളപട്ടണം ), ജിയരാജ് (വിദ്യാർത്ഥിനി, സ്റ്റെംസ് കോളേജ് മൊറാഴ ) സഹോദരങ്ങൾ: വല്ലി ( കടമ്പേരി ), ഗീത (ചെറുകുന്ന് ), റീന (കോൾ തുരുത്തി), പ്രീത (പനങ്കാവ് ), പ്രശാന്തൻ കെ.വി (FHC പറശ്ശിനിക്കടവ്).