ധർമ്മശാലയിൽ നിർമ്മിക്കുന്ന അടിപ്പാതയും ഏമ്പേറ്റിലെ മേൽപ്പാലവും സംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്നു
തളിപ്പറമ്പ: ദേശീയപാത പ്രവർത്തിയുടെ ഭാഗമായി ജനങ്ങൾ യാത്രാ ദുരിതമനുഭവിക്കുന്ന ധർമ്മശാലയിൽ ബസുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന അടിപ്പാതയും ഏമ്പേറ്റിൽ മേൽപ്പാലവും നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കാൻ എം.വി ഗോവിന്ദൻ എം.എൽ.എ ദേശീയപാതാ അധികൃതരുടെയും നിർമ്മാണക്കരാറുകാരുടെയും യോഗം വിളിച്ചു ചേർത്തു.
ദേശിയപാതാ പ്രവർത്തി പുരോഗമിക്കുമ്പോൾ തന്നെ ധർമ്മശാലയിൽ യൂണിവേഴ്സിറ്റി അഞ്ചാംപീടിക റോഡിലേക്ക് തളിപ്പറമ്പിൽ നിന്നുമുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെ കടന്നു പോകുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എം.എൽ.എയുടെ ഭാഗത്തു നിന്നും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകളും ആവശ്യവുമായി രംഗത്ത് വരികയും ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകുകയും ചെയ്തിരുന്നു. ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.
പിന്നിട് വീതികൂട്ടി അടിപ്പാത നിർമ്മിക്കുമെന്ന് അറിയിച്ചുവെങ്കിലും ചെറുവാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ സാധിക്കുന്ന അടിപ്പാതയാണ് നിർമ്മിച്ചത്. തുടർന്ന് വലിയ രീതിയിൽ പ്രതിഷേധം ഉയരുകയും ഇതുവഴിയുള്ള ബസുകൾ ജനുവരി 3 മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയുമാണ്.
പരിയാരം ഏമ്പേറ്റിൽ ദേശീയപാത കടന്നുപോകുന്നത് താഴ്ന്ന ഭാഗത്തുകൂടിയാണ്. ഇരുവശത്തുമുള്ള പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിൽ ഇവിടെ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. തുടർന്ന് ആരംഭിച്ച അനിശ്ചിത കാല സമരം ഒരു മാസം പിന്നിട്ടു. ഇതോടൊപ്പം തന്നെ തളിപ്പറമ്പ് ഭാഗത്തു നിന്നും ഒഴുകി കൂവോട് വഴി കുറ്റിക്കോൽ പുഴയിൽ പതിക്കുന്ന തോടിൻ്റെ സ്വാഭാവിക ഒഴുക്കും ദേശീയ പാതാ പ്രവർത്തിയുടെ ഭാഗമായി തടസപ്പെടുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുകയാണ്.
ഇതിനെല്ലാം പരിഹാരമുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് എം.വി ഗോവിന്ദൻ എം.എൽ.എ യോഗം വിളിച്ചു ചേർത്തത്. ധർമ്മശാലയിൽ വീതിയിലുള്ള അടിപ്പാത നിർമ്മിക്കാൻ പുതിയതായി സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമോ അലൈമെൻ്റ് മാറുന്ന അവസ്ഥയുമില്ല. ആദ്യഘട്ടത്തിൽ പ്ലാൻ മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ മറ്റു സ്ഥലത്ത് അടിപ്പാത അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ധർമ്മശാലയിൽ വീതികൂട്ടി അടിപ്പാത നിർമ്മിക്കാൻ തയ്യാറാകാതെ പ്രവൃത്തി മുന്നോട്ട് പോകില്ല.
ഏമ്പേറ്റിൽ ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ ഉടൻ പരിശോധിച്ച് മേൽപ്പാലം നിർമ്മാണത്തിനുള്ള കാര്യങ്ങൾ ചെയ്യണം. കൂവോട് തോടിൻ്റെ ഒഴുക്ക് പഴയ രീതിയിൽ ആക്കുന്നതിനും വേണ്ട കാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്നും എം.വി ഗോവിന്ദൻ എം.എൽ.എ ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ നിർമ്മൽ റീത്ത ഗോമസ്, ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരായ മനോജ് കുമാർ, രാജശേഖരൻ, ലെയ്സൻ ഓഫിസർ കെ.വി അബ്ദുല്ല, മേഘ കൺസ്ട്രക്ഷൻ പ്രതിനിധി എം.വി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.