കണ്ണൂർ ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു, ജീവനക്കാർ ചാടി രക്ഷപ്പെട്ടത് അത്ഭുതകരമായി


നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു
കണ്ണൂർ: ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. എറണാകുളത്ത് നിന്നും പ്ലൈവുഡ് കയറ്റി പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ കാബിൻ കത്തി നശിച്ചു. കണ്ണൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എഞ്ചിനിൽ നിന്നും തീ ഉയരുന്നതു കണ്ട് വാഹനം ഒരു വശത്തേക്കൊതുക്കി രക്ഷപ്പെടാൻ ഇവർഇറങ്ങി ഓടുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി തീയണച്ചത്. വാഹനത്തിന്റെ കാബിൻ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കൂടാതെ, പ്ലൈവുഡ് ലോഡിന്റെ ഒരു ഭാഗവും കത്തി നശിച്ചിട്ടുണ്ട്.
ചൊവ്വാഴ്'ച്ചവൈകിട്ട് മൂന്നോടെയാണ് സംഭവം. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് ലോറി ജീവനക്കാർ രക്ഷപ്പെട്ടത്.