ചെറുകുന്നിൽ മൂന്ന് കടകളിൽ വൻ തീപ്പിടുത്തം; ഫയർ ഫോഴ്സിൻ്റെ പരിശ്രമം തീപടരുന്നത് തടഞ്ഞു


പഴയങ്ങാടി: പഴയങ്ങാടി പാപ്പിനിശേരി കെ എസ് ടിപി റോഡിൽ ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപം ടാണിൽ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ വൻ തീപിടുത്തം. ചെറുകുന്നിലെ എറമുള്ളാൻ റഷീദ ആയുർവേദ മെഡിക്കൽസ്, പിവിഎച്ച് സൺസ് സൂപ്പർ മാർക്കറ്റ്, കെ.ഹംസ ഹാഡ് വേഴ്സ് എന്നീ സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് തീ പടർന്നത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ്തീപിടുത്തം ഉണ്ടായത്.
കടകളുടെ രണ്ടാം നിലയിൽ നിന്ന്പുകയും തീയും ഉയരുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. ഇരുസ്ഥാപനങ്ങളിലും സാധനങ്ങൾ സൂക്ഷിക്കുന്ന ഇടത്താണ് തീ പിടിച്ചത്. കൃത്യസമയത്ത് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.
വ്യാപര സ്ഥാപനങ്ങളിലെ താഴത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ തോതിൽ നാശ നഷ്ടം ഉണ്ടായില്ല. കൃത്യസമയത്ത് നാട്ടുകാരും പോലീസും ഫയർഫോഴ്സും ഇടപെട്ടതിനാൽ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.
കണ്ണൂരിൽ നിന്ന് എത്തിയ 2 യൂനിറ്റ് ഫയർഫോഴ്സ് സംഘം രണ്ടുമണിക്കൂർ സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കണ്ണപുരം എസ് ഐ രാജീവൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
