റോഡിലെ വെള്ളക്കെട്ട് മാറ്റാന്‍ അറുപത്തഞ്ചുകാരന്റെ ഒറ്റയാള്‍ പോരാട്ടം

A 65 year old man single handed fight to clear the waterlogged road

ഇരിട്ടി: റോഡിലെ വെള്ളക്കെട്ട് മാറ്റാന്‍ ഒറ്റയാള്‍ പോരാട്ടവുമായി ഇറങ്ങിയിരിക്കുകയാണ് അറുപത്തി അഞ്ചുകാരനായ ചാത്തോത്ത് വീട്ടില്‍ വി.വി. രവീന്ദ്രന്‍. ഇരിട്ടി നരിക്കുണ്ടം റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും മഴക്കാലത്ത് റോഡില്‍ സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടിനെക്കുറിച്ചും കഴിഞ്ഞ  ദിവസം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രവീന്ദ്രന്‍ ഒറ്റയാള്‍ പോരാട്ടവുമായി രംഗത്തിറങ്ങിയത്.

കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മഴക്കാലം തുടങ്ങുന്നതിന് ഏതാനും ആഴ്ച മുന്‍പേ ഈറോഡ് മുഴുവന്‍ കീറിയിരുന്നു. മഴ തുടങ്ങിയതോടെ മണ്ണ് മുഴുവന്‍ കുത്തിയൊഴുകി റോഡില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ഇതേ  റോഡില്‍ വര്‍ഷങ്ങളായി മഴപെയ്താല്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് ഇതുവഴിയുള്ള വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മഴക്കാലത്ത് ഏറെ ദുരിതം സൃഷിടിച്ചിരുന്നു. 

മുന്‍പ് മണ്‍റോഡായിരുന്ന കാലത്ത് തന്നെ ഇവിടെ വെള്ളക്കെട്ട് സ്ഥിരമായിരുന്നു. ഒടുവില്‍ ടാര്‍ റോഡായി മാറിയപ്പോഴും ഈ സ്ഥലം ഉയര്‍ത്തി ഇവിടുത്തെ വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമം ഉണ്ടായിരുന്നില്ല. മഴക്കാലത്ത് കുളം കണക്കിനുള്ള ചെളിവെള്ളക്കെട്ട്  കടന്നു പോകുന്ന യാത്രക്കാരുടെ ദുരിതം വാര്‍ത്തയായതോടെയാണ് ഇത് നിത്യവും കാണുന്ന പ്രദേശവാസിയായ രവീന്ദ്രന്‍ ഒറ്റയാള്‍ പോരാട്ടവുമായി രംഗത്തിറങ്ങിയത്.

ചൊവ്വാഴ്ച രാവിലെയോടെ തുടങ്ങിയ പ്രവൃത്തി ബുധനാഴ്ച വൈകുന്നേരത്തോടെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ചെളിയും വെള്ളക്കെട്ടും രൂപപ്പെടാത്തവിധം സമീപത്തെ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും ചെങ്കല്ലുകളും സിമന്റ് കട്ടകളും മറ്റും അര്‍ബാനയില്‍  കൊണ്ടുവന്ന് റോഡ് ഉയര്‍ത്തുകയും ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകള്‍ കീറുകയും ചെയ്തു.

Tags