ചീമേനിയിൽ 45 പവൻ കവർച്ച : മുങ്ങിയ നേപ്പാളി ദമ്പതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


നീലേശ്വരം : ചീമേനിയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.45 പവനും വെള്ളി പാത്രങ്ങളും കവർന്ന കേസിൽ നേപ്പാളി സ്വദേശികൾക്കായാണ് അന്വേഷണം ശക്തമാക്കിയത്. നിടുമ്പയിലെ എൻ മുകേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിന് ശേഷം കാണാതായ വീട്ടുജോലിക്കാരായ നേപ്പാൾ സ്വദേശികളായ ദമ്പതികളെ കുറിച്ചു കൂടുതൽ വിവരമൊന്നും ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെ മുകേഷും കുടുംബവും കണ്ണൂരിൽ പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ 11 മണിയോടെ യാത്ര പോയ കുടുംബം മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരക്കകത്ത് സൂക്ഷിച്ച 45 പവൻ സ്വർണ്ണം കവർന്നു.
വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ചക്ര ഷാഹി ഭാര്യ ഇഷ ചൗധരി അഗർവാൾ എന്നിവർ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു.. കവർച്ച നടന്ന വീടിന്റെ ഒരു കിലോമീറ്റർ അപ്പുറത്തായി ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട് അടച്ചിട്ട നിലയിലാണ്.
ഒരാഴ്ച മുമ്പ് അപരിതരായ രണ്ടുപേർ ഇവിടെ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
