400 കെ.വി ലൈൻ: സ്ഥല ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ധാരണയായി


തിരുവനന്തപുരം: കാസർഗോഡ് - വയനാട് 400 കെ.വി ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച ചർച്ചയിൽ പുരോഗതി.കൃഷിക്കാർക്ക് നഷ്ടപ്പെടുന്ന കാർഷിക വിളകൾക്കും സ്ഥലത്തിനും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് ഏകദേശ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു.
tRootC1469263">എന്നാൽ വീടുകളെ ബാധിക്കുന്ന സാഹചര്യങ്ങളിൽപ്രത്യേക പാക്കേജായി കണക്കാക്കണമെന്നും നിശ്ചയിച്ച ഭൂമിയുടെ ഏറ്റവും കുറഞ്ഞ ന്യായവില അയ്യായിരം രൂപയിൽ നിന്ന് പതിനായിരം രൂപയെങ്കിലുമായി ഉയർത്തണമെന്നും ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലെ അലൈൻമെന്റിൽ ചില മാറ്റങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾ പ്രായോഗികമല്ലന്ന് കെ.എസ്.ഇ.ബി നിലപാടെടുത്തു.

യോഗത്തിൽ എം.എൽ.എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ.എസ്.ഇ.ബി ചെയർമാൻ മിർ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.ഷാജി, ബേബി ഓടംമ്പള്ളി, മിനി ഷൈബി, ജോജി കന്നിക്കാട്ടിൽ, സാജു സേവ്യർ, കുര്യാച്ചൻ പയ്യംമ്പള്ളി കുന്നേൽ, പി.രജനി, സി.ടി. അനീഷ്, കെ.പി.രാജേഷ്, ആക്ഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗ്ഗീസ്, ഭാരവാഹികളായ ഫാ. പയസ്സ് പടിഞ്ഞാറെമുറിയിൽ, ബെന്നി പുതിയാംപുറം, ടോമി കുമ്പിടിമാക്കൽ, ഒ.വി. ഷാജു, കെ.എസ്.ഇ.ബി ഡയറക്ടർ ബിജു. ആർ, ചീഫ് എഞ്ചിനീയർ ഷീബ.കെ.എസ്, എക്സിക്യുട്ടീവ് എഞ്ചിനീയർ കൃഷ്ണേന്ദു.എം തുടങ്ങിയവർ പങ്കെടുത്തു.