പൈതൃകങ്ങളുടെ ഓലപ്പുര : വയനാടിന്റെ ഹൃദയം കവർന്ന് കൈരളിയുടെ കഥ പറയുന്ന ടൂറിസം പവലിയന്‍

google news
kairali

വയനാട് : പടിപ്പുരയും ഓല മേഞ്ഞ വീടും കുട്ടനെയ്ത്തും കലം നിര്‍മ്മാണവുമായി ഇന്നലെകളിലെ ഗ്രാമഭംഗി. പച്ചപ്പണിഞ്ഞ നെല്‍പ്പാടവും ചെളിമണ്ണ് ഉണങ്ങാത്ത വരമ്പിലൂടെ കവുങ്ങ് പാലം കടന്ന് പുതിയ കാലത്തിലേക്കുള്ള ചുവടുകള്‍. കേരളത്തിന്റെ ടൂറിസം അനുഭവങ്ങളുടെ നേര്‍ക്കാഴച്കളുമായി ടൂറിസം തീം സ്റ്റാള്‍ എന്റെ കേരളം പ്രദര്‍ശനത്തിലേക്ക് ഏവരെയും ആകര്‍ഷിക്കും. കൈരളിയുടെ പിന്നിട്ട വഴികളിലെ തനി ഗ്രാമമാണ് ഇവിടെ പുനരാവിഷ്‌കരിച്ചത്.

കുലീനമായ പാരമ്പര്യത്തിന്റെ ഓലപ്പുരയുടെ മുറ്റത്താണ് പരമ്പരാഗത തൊഴിലുമായി കുട്ട നെയ്ത്തുകാരുളളത്. അതിന് തൊട്ടരികിലായി കളിമണ്ണിനെ വെള്ളം കുടഞ്ഞുണര്‍ത്തി കുഴച്ച് പരുവമാക്കി മര ചക്രത്തിന് നടുവില്‍ കൈവിരലുകള്‍ കൊണ്ട് കലം മെനയുന്നവര്‍. നാടന്‍ വാഴത്തോട്ടങ്ങള്‍ തണല്‍ വിരിക്കുന്ന വീട്ടുപറമ്പില്‍ ഓര്‍മ്മകളുടെ തിരയിളക്കങ്ങള്‍ ആരെയും ഇന്നെലകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.

അമ്പത് വര്‍ഷത്തിലധികമായി മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന മുട്ടില്‍ സ്വദേശിയായ ചേനക്കൊല്ലിയില്‍ ഗോപാലന്‍ എല്ലാ സമയവും ഇവിടെ സജീവമായുണ്ട്. മണ്‍പാത്ര നിര്‍മ്മാണം കുട്ടികളടക്കമുള്ള പുതിയ തലമുറകളിലേക്ക് പരിചയെപ്പെടുത്താനും ആവശേത്തോടെ പാരമ്പര്യ ജീവിതത്തിന്റെ നന്മകള്‍ പറയാനുമെല്ലാം ഗോപാലന്‍ തിരക്കിലാണ്. അതിനൊപ്പം കരവിരുതില്‍ മണ്‍പാത്രങ്ങളും വിരിഞ്ഞു വരുന്നു. പനമരം സ്വദേശികളായ കേശവനം പാറുക്കുട്ടിയുമാണ് കുട്ടമെടയലുമായി ടൂറിസം വകുപ്പിന്റെ സ്റ്റാളില്‍ മുഴുവന്‍ സമയമുള്ളത്.

മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംസ്‌ക്കാരത്തിന്റെ അടയാളം കൂടിയാണ് വിനോദ സഞ്ചാര വകുപ്പിന്റെ ഈ സ്റ്റാള്‍ പങ്കുവെക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പും ഉത്തരവാദിത്വ ടൂറിസവും ചേര്‍ന്നൊരുക്കിയതാണ് ടൂറിസം അനുഭവങ്ങളുടെ ഗ്രാമ ഭംഗിയുടെ ദൃശ്യാനുഭവം. പോയ കാലത്തിന്റെ ഗ്രാമവിശുദ്ധിയും, നൈര്‍മല്യവും വരച്ചിടുന്ന സ്റ്റാള്‍ എന്റെ കേരളം പവലിയിന്റെ തുടക്കത്തില്‍ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഹരിത ആര്‍ട്ട് ആന്റ് ക്രാഫ്റ്റിന്റെ കരകൗശല വസ്തുക്കളും, ഭവം മ്യൂറല്‍സിന്റെ പെയിന്റിങ്ങുകളും ടൂറിസം വകുപ്പിന്റെ പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നു. ബീ ക്രാഫ്റ്റ ഹണി ഒരുക്കിയ തേനിന്റെ വിപണന സ്റ്റാള്‍ ആളുകള്‍ക്ക് കാഴ്ചകള്‍ക്കൊപ്പം മധുരവും പകരുന്നു. പത്തിലധികം തേന്‍ വിഭവങ്ങളാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. വാങ്ങാനെത്തുന്നവര്‍ക്ക് രുചിച്ചുനോക്കാനും അവസരമുണ്ട്. കേരള ടൂറിസത്തിന്റെ വിവിധ കൈപുസ്തകങ്ങളും, ടൂറിസം ലഘു ലേഖകളും സ്റ്റാളില്‍ സൗജന്യമായി വിതരണം ചെയ്യുന്നു.

Tags