തൊടുപുഴ നഗരത്തിലെ ഓടകള്‍ സ്ലാബ് നീക്കി പരിശോധിച്ചു

google news
ds

ഇടുക്കി :  തൊടുപുഴ നഗരസഭ ആരോഗ്യസ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നഗരപരിധിയിലുള്ള ഓടകള്‍ സ്ലാബുകള്‍ നീക്കി പരിശോധിച്ചു. നഗരമധ്യത്തില്‍ നിന്നും തൊടുപുഴ പുഴയിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ളവ ഒഴുക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ വിഭാഗം ജീവനക്കാരെ ഉപയോഗിച്ച് രാവിലെ മുതല്‍ ഗാന്ധി സ്‌ക്വയര്‍ മുതല്‍ പാലാ റൂട്ടില്‍ മാതാ ഷോപ്പിംഗ് കോംപ്ലക്‌സ് വരെയുള്ള പിഡബ്ല്യുഡി ഓടകളുടെ സ്ലാബുകള്‍ നീക്കിയാണ് പരിശോധന നടത്തിയത്. മൂന്നു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പൈപ്പ് വഴി മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. 

തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധന ഉണ്ടാകുമെന്നും വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഓടയിലേക്കും ജലസ്രോതസ്സിലേക്കും പൊതു ഇടങ്ങളിലേക്കും ഒഴുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് രാജ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി പി സതീശന്‍, ദീപ പി വി, വി ഡി രാജേഷ്, അമ്പിളി ബി എം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Tags