റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഇടുക്കി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

Minister Roshy Augustine
Minister Roshy Augustine

  ഇടുക്കി: രാജ്യത്തിന്റെ 76 ാംമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയാകുന്നു. ഞായറാഴ്ച (ജനുവരി 26 ) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കും. ബാൻഡ് സംഘം ഉൾപ്പടെ ഇരുപത് പ്ളാറ്റൂണുകൾ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നീ വിഭാഗങ്ങൾക്ക് പുറമെ കട്ടപ്പന സർക്കാർ കോളേജ്, കുളമാവ് നവോദയ വിദ്യാലയം, എം ആര്‍ എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, ജി എച്ച് എസ് എസ് പഴയരിക്കണ്ടം, എസ് എന്‍ എച്ച് എസ് എസ് കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുക്കും.

പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകള്‍, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവർക്കാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കുന്നതിനുള്ള ചുമതല. പരേഡ് പരിശീലനവും റിഹേഴ്സലും ഐ ഡി എ മൈതാനത്ത് ആരംഭിച്ചുകഴിഞ്ഞു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങള്‍ക്ക് പരേഡ് കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Tags