ജില്ലയിലെ ഏക ആന്റി മൈക്രോബിയൽ റിസർച്ച് ലാബ് ( എ എം ആർ ലാബ് ) ഇടുക്കി മെഡിക്കൽ കോളേജിൽ

District's only Anti-Microbial Research Lab (AMR Lab) at Idukki Medical College
District's only Anti-Microbial Research Lab (AMR Lab) at Idukki Medical College

ഇടുക്കി : സൂക്ഷ്മ രോഗാണുക്കളെ കണ്ടുപിടിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ആന്റി മൈക്രോബിയൽ റിസർച്ച് ലാബ് ( എ എം ആർ ലാബ് ) ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ വിവരം അറിയിച്ചത്. ജില്ലയിൽ ആദ്യമായാണ് ഈ സേവനം ലഭ്യമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സാംപിളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബിൽ എത്തിച്ച് കണ്ടുപിടിക്കുകയും അതിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ കണ്ടെത്തുകയുമാണ് പ്രവർത്തനരീതി. ഇതിലൂടെ ഡോക്ടർമാർക്ക് ശരിയായ ആന്റിബയോട്ടിക്കുകൾ ശരിയായി ഡോസിലും അളവിലും രോഗികൾക്ക് നൽകാൻ സാധിക്കും.

ആശുപത്രിയിൽ നടന്നുവരുന്ന നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച് 31 ന് മുൻപ് പൂർത്തിയാക്കണമെന്ന് നിർമ്മാണ ഏജൻസിയായ കിറ്റികോയ്ക്ക് മന്ത്രി റോഷി അഗസ്റ്റിൻ കർശന നിർദേശം നൽകി. ജില്ലാ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ഫെബ്രുവരി രണ്ടാം വരം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യും. കാത്ത് ലാബിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.നവീകരിച്ച മനസികാരോഗ്യവിഭാഗത്തിന്റെ ഐ.പി. വിഭാഗം ഇതിനകം പ്രവർത്തനസജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.

എല്ലാമാസവും അവസാനത്തെ ശനിയാഴ്ച രാവിലെ 10 ന് ആശുപത്രി വികസനസമിതിയുടെ എക്സിക്യൂട്ടീവ് യോഗവും മൂന്ന് മാസത്തിലൊരിക്കൽ ജനറൽ ബോഡിയും വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. നിലവിൽ രാവിലെ 7 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഒരു ഷിഫ്റ്റ് കൂടി വർധിപ്പിച്ച് രാത്രിയും സേവനം നൽകുന്ന കാര്യം പരിഗണിക്കും. പ്രധാന ബ്ലോക്കിലെ കാന്റീൻ പ്രവർത്തനം കുടുംബശ്രീക്ക് കൈമാറുന്നതിനും വികസന സമിതിയിൽ ഡോക്ടർമാരുടെ പ്രതിനിധിയെ ഉൾപ്പെടുത്താനും തീരുമാനമായി.

ബ്ലഡ് ബാങ്ക് നവീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 4 (ചൊവ്വാഴ്ച) വൈകിട്ട് 5 മുതൽ ഫെബ്രുവരി 20 വരെ ഓപ്പറേഷൻ തീയേറ്റർ അടച്ചിടും. എന്നാൽ പ്ലേറ്റ്ലെറ്റ് ആവശ്യമില്ലാത്ത അടിയന്തര ശസ്ത്രക്രിയകൾ നടത്തുന്നതിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 21 രാവിലെ തന്നെ ഓ ടി പ്രവർത്തനം പുനരാരംഭിക്കും. ബ്ലഡ് ബാങ്ക് നവീകരണം ഒഴിവാക്കൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ നടപടി.

അഡ്വ. എ രാജ എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ വി വിഗ്നേശ്വരി, സർക്കാർ നോമിനികളായ സി വി വർഗീസ് , ഷിജോ തടത്തിൽ , വികസനസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags