ചുഴലിക്കാറ്റില്‍ പാനൂര്‍ മേഖലയില്‍ കനത്ത നാശനഷ്ടം: വൈദ്യുത തൂണുകള്‍ തകര്‍ന്ന് വീണ് ഇരുട്ടിലായി

google news
ചുഴലിക്കാറ്റില്‍ പാനൂര്‍ മേഖലയില്‍ കനത്തനാശനഷ്ടം: വൈദ്യുത തൂണുകള്‍ തകര്‍ന്ന് വീണ് ഇരുട്ടിലായി

തലശേരി:  വേനല്‍ മഴയുടെ ഭാഗമായി ചുഴലികാറ്റിലും പേമാരിയിലും  പാനൂര്‍ മേഖലയില്‍ കനത്തനാശനഷ്ടം. കെ.എസ്.ഇ.ബിക്ക്  മാത്രം ലക്ഷങ്ങളാണ്  നഷ്ടമുണ്ടായത്. ചുഴലിക്കാറ്റില്‍  18 ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു.  മനേക്കരയില്‍ മാത്രം  എട്ടോളം  ഇലക്ട്രിക്ക് പോസ്റ്റുകള്‍ നിലംപൊത്തി. വടക്കേപന്ന്യന്നൂരില്‍ തെങ്ങ് പൊട്ടിവീണ് വീടുകള്‍ക്കും കേടുപാടുകളുണ്ടായി. 

പാനൂര്‍ മേഖലയിലാണ്  കാറ്റ് ആഞ്ഞുവീശിയത്. മനേക്കര ബസ് സ്റ്റോപ്പിന് തൊട്ടു മുന്നില്‍ കൂറ്റന്‍  തെങ്ങ് മുറിഞ്ഞ് വീണ് 6 ഹൈ ടെന്‍ഷെന്‍ ഇലക്ട്രിക്ക് പോസ്റ്റും, 2 ലോവര്‍ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു വീണു. മനേക്കര ബസ് സ്റ്റോപ്പിന് മുന്‍വശത്തെ ആലക്കണ്ടി നാരായണിയുടെ വീട്ടുപറമ്പിലെ കൂറ്റന്‍ തെങ്ങാണ് പൊട്ടിവീണത്.  കനത്ത മഴയെ തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ നിരവധിയാളുകളുണ്ടായിരുന്നു. ബസ് സ്റ്റോപ്പിന് തൊട്ടു മുന്നിലായാണ് തെങ്ങും,  ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീണത്. തലനാരിഴക്കാണ് വന്‍ ദുരന്തം വഴി മാറിയത്. 

ഈ മേഖലയില്‍ വൈദ്യുതബന്ധം ചൊവ്വാഴ്ചയെ പുന:സ്ഥാപിക്കാനാകൂ.  എലാങ്കോട് വൈദ്യര്‍ പീടിക ഭാഗത്തും കാറ്റ് ആഞ്ഞുവീശിയതോടെ 5 ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്നു.  ചിലയിടങ്ങളിലും പോസ്റ്റ് തകര്‍ന്ന് വീണിട്ടുണ്ട്. ആകെ 10 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 8 ലോവര്‍ ടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നിട്ടുണ്ട്. അസി.എഞ്ചിനീയര്‍ ആര്‍. ശ്രീകുമാര്‍, സബ്ബ് എഞ്ചിനീയര്‍ ടി.ബി ബിനീഷ് കുമാര്‍, ഓവര്‍സിയര്‍ കെ.സി വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തകര്‍ന്ന പോസ്റ്റുകള്‍  മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ നടക്കുന്നത്.

വടക്കേപന്ന്യന്നൂരിലെ ഗോവിന്ദത്തില്‍ കണ്ടോത്ത് ഷീജ, കണ്ടോത്ത് താഴെക്കുനിയില്‍ സതി എന്നിവരുടെ വീടുകളില്‍ തെങ്ങ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. പന്ന്യന്നൂരിലെ മൃഗാശുപത്രി കെട്ടിടത്തിന് മുകളിലും തെങ്ങ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. നാശനഷ്ടമുണ്ടായ വീടുകള്‍  വാര്‍ഡംഗം സ്മിതാ സജിത്ത്, സി പി എം നേതാക്കളായ കെ. മനോഹരന്‍, എന്‍.പി രാജന്‍, വി.എം ബാബു, സി. പവിത്രന്‍  എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. അരയാക്കൂലില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലും  തെങ്ങ് പൊട്ടിവീണു. കാര്‍പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Tags