ഹരിത കർമ്മ സേന അംഗത്തെ ആക്രമിച്ച സംഭവത്തിൽ ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ സിഐടിയു പ്രതിഷേധിച്ചു

haritha sena

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ 'ഹരിത കർമ്മ സേന അംഗമായ സിന്ധു ആനന്ദിനെ മർദ്ദിച്ചതിൽ ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ സിഐടിയു പ്രതിഷേധിച്ചു. തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സിഐടിയു ഏരിയ സെക്രട്ടറി കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞമാസം 18 നായിരുന്നു ഹരിത കർമ്മ സേന അംഗം സിന്ധു ആനന്ദിനെ മർദ്ദിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയോട് പ്രസിഡണ്ടിനോടും മർദ്ദിച്ച വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ല. പോലീസിൽ പരാതി കൊടുത്തിട്ട് പോലീസ് കേസെടുക്കുകയും ചെയ്തില്ല. യൂണിയൻ ഇടപെട്ടു എന്നറിഞ്ഞപ്പോഴാണ് പ്രതി ജോണിനെതിരെയും ഭാര്യക്കെതിരെയും പോലീസ് കേസെടുത്തത്.

എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാതിരുന്നത്? ആ വാർഡിലെ മെമ്പറും സെക്രട്ടറിയും കൂടി കേസെടുപ്പിക്കാൻ ഉള്ള നടപടികൾ എന്തുകൊണ്ട് നടത്തിയില്ല?.. പ്രതിയെ സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും പോലീസ് നിയമപരമായി കേസെടുത്തില്ലെങ്കിൽ പോലീസ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും ബാലചന്ദ്രൻ പറഞ്ഞു.

യൂണിയൻ പ്രസിഡൻറ് തിലകമ്മ സോമൻ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബിനീഷ് കുമാർ വി ടി, ജില്ലാ സെക്രട്ടറി മഹേഷ്, പ്രമോദ് ഇളമൺ, പൊന്നപ്പൻ , ഗീതാ പ്രസാദ്, ബിജു, മഞ്ജുഷ, ചന്ദ്രിക, സരളമ്മ ബാബു, ജയകുമാരി, ജനപ്രതിനിധികളായ സോജിത്ത് സോമൻ, മാത്തൻ ജോസഫ്, റിക്കുമോൻ, ഷീന മാത്യു, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 'ഹരിത കർമ്മ സേന അംഗങ്ങൾ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു.