ഹരിദാസ് വധക്കേസിൽ കുറ്റപത്രം മെയ് അവസാന വാരം സമർപ്പിക്കും
HARIDASAN MURDER

തലശേരി : പുന്നോലിലെ ഹരിദാസൻ വധക്കേസിൽ 90 ദിവസം എത്തും മുൻപെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. മെയ് അവസാന വാരത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.ഇതിനിടെ കേസിലെ 'പ്രതികളായ കെ ലിജേഷ്‌, പ്രീതിഷ്‌ എന്ന മൾട്ടി പ്രജി എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.ഏഴിന്‌ വിധിപറയും.  കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തവരാണ്‌ പ്രതികളെന്നും ജാമ്യം അനുവദിക്കരുതെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാർ വാദിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റായ ഒന്നാംപ്രതിയാണ്‌ ഗൂഢാലോചന നടത്തി ആയുധങ്ങൾ ശേഖരിച്ചു നൽകിയത്‌. ഹരിദാസനെ ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നിലിട്ട്‌ വെട്ടിക്കൊന്ന സംഘത്തിലും ഉണ്ടായിരുന്നു. തലശേരി, ന്യൂമാഹി സ്‌റ്റേഷൻ പരിധിയിൽ ഏഴ്‌ കേസിൽ പ്രതിയാണ്‌ ലിജേഷ്‌.ഇങ്ങനെ ഒരാളെയാണോ കൗൺസിലറായി ജനം തെരഞ്ഞെടുത്തതെന്ന്‌ വാദത്തിനിടെ അഡീഷനൽ ജില്ലാ സെഷൻസ്‌ (ഒന്ന്‌) ജഡ്‌ജി എ വി മൃദുല ചോദിച്ചു. ബിജെപി മണ്ഡലം സെക്രട്ടറികൂടിയായ 11ാം പ്രതി പ്രീതിഷ്‌ എന്ന മൾട്ടി പ്രജിയും ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ട്‌ പങ്കെടുത്തു.  

പള്ളൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ എട്ട്‌ കേസിലും ചൊക്ലി സ്‌റ്റേഷൻ പരിധിയിൽ ഒരു കേസിലും പ്രതിയാണ്‌ മൾട്ടി പ്രജി. കേസുകളിൽ രണ്ടെണ്ണം കൊലപാതകവും അഞ്ചെണ്ണം ബോംബ്‌ കേസുമാണ്‌–- പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. നേരത്തെ പത്ത്‌ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഫെബ്രുവരി 21ന്‌ പുലർച്ചെയാണ്‌ ആർഎസ്‌എസ്‌–-ബിജെപിക്കാർ ചേർന്ന്‌ ഹരിദാസനെ കൊലപ്പെടുത്തിയത്‌.

Share this story