വയറിളക്ക രോഗങ്ങള്‍: അതീവ ശ്രദ്ധ വേണമെന്ന് ഡി.എം.ഒ

diarrhea

പാലക്കാട് :  ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം ഉണ്ടാകാം. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങിയ അനേകം രോഗാണുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് വയറിളക്കം. വയറിളക്ക രോഗമുണ്ടാകുമ്പോള്‍ മലത്തില്‍ രക്തം ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ മൂര്‍ച്ചിക്കാതെ തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിക്കണം. വയറിളക്കം മൂലം ശരീരത്തില്‍ നിന്നും ജീവന്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ ഘടകങ്ങളായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. തുടര്‍ച്ചയായ വയറിളക്കം മൂലം രോഗികളുടെയും ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിര്‍ജ്ജലീകരണം. ഇത് പെട്ടെന്നുള്ള മരണത്തിന് കാരണമാകാം.

നിര്‍ജ്ജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ കുഴിഞ്ഞു വരണ്ട കണ്ണുകള്‍, ഒരു വയസ്സിനു താഴെയുള്ള കുട്ടികളില്‍ താഴ്ന്ന ഉച്ചി, ഉണങ്ങി വരണ്ട ചുണ്ടും നാക്കും, അമിത ദാഹം, ക്ഷീണം, അളവില്‍ കുറഞ്ഞ കടുത്ത നിറത്തോട് കൂടിയ മൂത്രം, അസ്വസ്ഥത, മയക്കം, തൊലി വലിച്ചു വിട്ടാല്‍ സാവധാനം പൂര്‍വസ്ഥിതിയില്‍ ആവല്‍ മുതലായവയാണ്. അമിതമായ വയറിളക്കം, അമിതദാഹം, മയക്കം, കഴിഞ്ഞ ആറുമണിക്കൂറിനുള്ളില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും, താഴ്ന്ന ഉച്ചി തുടങ്ങിയ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.

വയറിളക്ക രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?

വെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം കുടിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ എപ്പോഴും മൂടി വെക്കുക. ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് കഴുകുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഈച്ച ശല്യം ഒഴിവാക്കുകയും ചെയ്യുക. വയറിളക്കം തുടങ്ങി ആദ്യദിവസം തന്നെ ഡോക്ടറെയോ ആരോഗ്യ പ്രവര്‍ത്തകരെയോ വിവരമറിയിക്കുക.

വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗമാണ് ഒ.ആര്‍.എസ് അഥവാ ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട് ഉപയോഗിച്ചുള്ള പാനീയ ചികിത്സ. വയറിളക്കം തുടങ്ങി ശരീരത്തില്‍ നിന്നും 10 ശതമാനത്തില്‍ കൂടുതല്‍ ജലാംശം നഷ്ടപ്പെടുമ്പോഴാണ് നിര്‍ജ്ജജലീകരണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് വയറിളക്കത്തിന്റെ ആരംഭം മുതല്‍ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടതാണ്. 90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടില്‍ വെച്ചുള്ള പാനീയ ചികിത്സകൊണ്ട് ഭേദമാകും. ചെറിയൊരു ശതമാനത്തിനേ ആശുപത്രി ചികിത്സ ആവശ്യമായി വരൂ. ഒ.ആര്‍.എസ്.  മിശ്രിതമോ അതുമല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന പാനീയങ്ങളോ വയറിളക്കത്തിന്റെ ആരംഭം മുതല്‍ തന്നെ കൊടുക്കേണ്ടതാണ്.

ഒ.ആര്‍.എസ്. സൊല്യൂഷന്‍ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നത് നിയന്ത്രിക്കുന്നു. വയറിളക്കം മൂലം ശരീരത്തില്‍ നഷ്ടമാകുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നു. ഒ.ആര്‍.സിന് പകരമായി വീട്ടില്‍ ലഭ്യമാക്കാവുന്ന മറ്റ് പാനീയങ്ങളാണ് ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം, അല്ലെങ്കില്‍ ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ന്ന പാനീയം.

ഒ.ആര്‍.എസ്. ലായനി തയ്യാറാക്കുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും: കൈകള്‍ വൃത്തിയായി കഴുകുക. വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ ജലം എടുക്കുക. ഒ.ആര്‍.എസ്. പാക്കറ്റിന്റെ അരികുവശം മുറിച്ച് മുഴുവനായും വെള്ളത്തിലിടുക. പൊടി മുഴുവന്‍ ലയിച്ചുചേരുന്നത് വരെ വൃത്തിയുള്ള സ്പൂണ്‍ കൊണ്ട് ഇളക്കുക. അര ഗ്ലാസ് മുതല്‍ ഒരു ഗ്ലാസ് വരെ പാനീയം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് നല്‍കാം. ഓരോ തവണയും വയറിളകുമ്പോള്‍ പാനീയം നല്‍കണം. ഒരു തവണ തയ്യാറാക്കിയ പാനീയം പരമാവധി 24 മണിക്കൂര്‍ വരെ ഉപയോഗിക്കാം. ഒ.ആര്‍എസ്. ലായനി കൊടുക്കുന്നതോടൊപ്പം മറ്റ് പാനീയങ്ങളും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലും കൊടുക്കേണ്ടതാണ്. വയറിളക്ക രോഗം ബാധിച്ചവരെ പരിചരിക്കുമ്പോള്‍ രോഗം തങ്ങളിലേക്ക് പകരാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍,  പാത്രങ്ങള്‍ എന്നിവ ഡിറ്റര്‍ജെന്റ് ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്. പരിചരിക്കുന്നവര്‍ രോഗികളുടെ വിസര്‍ജ്യങ്ങളും മറ്റും കൈകാര്യം ചെയ്തതിനുശേഷം സോപ്പ് ഉപയോഗിക്കാനും വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Tags