തൃശ്ശൂരിൽ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

thrissur

തൃശൂര്‍: യുവാവിന് ക്രൂര മര്‍ദനമേറ്റതായി പരാതി. മര്‍ദനത്തില്‍ തണ്ടലെല്ലിന് പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്നു. എടക്കഴിയൂര്‍ നാലാംകല്ലിലെ ഓട്ടോറിക്ഷ ഡ്രൈവറായ വലിയകത്ത് അസന്‍ ബസരി (38) ക്കാണ് ക്രൂര മര്‍ദനമേറ്റത്. ഹസന്‍ ബസരിയെ എടക്കഴിയൂര്‍ ബീച്ചിലെ കാറ്റാടിയില്‍ കൊണ്ടുപോയാണ് ക്രൂരമായി മര്‍ദിച്ചത്. തണ്ടലെല്ലിന് പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന അസന്‍ ബസരിയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതു പേരടങ്ങുന്ന സംഘമാണ് ഇയാളെ മര്‍ദിച്ച് അവശനാക്കിയത്.

കഴിഞ്ഞ മാസം 25ന് ചൊവ്വാഴ്ചയാണ് സംഭവം. അസന്‍ ബസരി മുമ്പ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഉടമയാണ് നാലാംകല്ലിലെ ബീച്ചിലേക്ക് വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചത് എന്ന് പറയുന്നു. മര്‍ദന വിവരം പുറത്ത് പറഞ്ഞാല്‍ കടലില്‍ കെട്ടിത്താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മര്‍ദനവിവരം ആരെയും അറിയിച്ചില്ല. വീട്ടില്‍ വന്ന് കിടപ്പിലായ അസന്‍ ബസരിയുടെ ശാരീരികാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

വണ്ടിയില്‍നിന്നും വീണു പരുക്ക് പറ്റി എന്നായിരുന്നു വീട്ടില്‍ പറഞ്ഞിരുന്നത്. ബന്ധുക്കളെത്തി നിര്‍ബന്ധിച്ചപ്പോഴാണ് മര്‍ദന വിവരം പുറത്തറിയുന്നത്. ആക്രമണത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്നാണ് നിഗമനം. ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

Tags