കണ്ണൂർ പനയത്താംപറമ്പിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Fri, 13 Jan 2023

മട്ടന്നൂർ: മട്ടന്നുരിനടുത്തെ ചാലോട് വൻ കഞ്ചാവ് വേട്ട .ചാലോട് പനയത്താംപറമ്പിന് സമീപം മത്തിപ്പാറയിൽ രണ്ടേകാൽ കിലോഗ്രാം കഞ്ചാവുമായി കൊളോളം സ്വദേശി താരാനാഥിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. അസിസ്റ്റൻ്റ് ഇൻസ്പെക്ടർ മാത്യു, പ്രിവൻ്റീവ് ഓഫീസർ എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്, രജിത്ത് ഡ്രൈവർ അജിത്ത് എന്നിവരും വാഹന പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിറ്റഴിക്കാനാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് നിഗമനം.