തൃശ്ശൂർ എരുമപ്പെട്ടിയിൽ നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

theft

തൃശ്ശൂർ: എരുമപ്പെട്ടി വരവൂര്‍ തളിയില്‍ നിര്‍മാണ ആവശ്യത്തിനായി ഇറക്കിയിരുന്ന ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തളി പാറപ്പുറം മണിമുക്കില്‍ കുന്നത്തുള്ളിപീടികയില്‍ അബ്ദുള്‍ റഹ്മാനെയാണ് (30) എസ്.ഐ. യു. മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

2024 ജൂണ്‍ 20 നാണ് കേസിനാസ്പദമായ സംഭവം. തളിയില്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിയി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് സാധനങ്ങളും നിര്‍മാണ സാമഗ്രികളുമാണ് പ്രതി മോഷ്ടിച്ചത്. ഗോഡൗണിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കയറി മോഷ്ടിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. യു. മഹേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഹ്മാന്‍ പിടിയിലായത്.

പ്രതി സാധനങ്ങള്‍ വിറ്റ ചാലിശേരിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പോലീസ് ഓഫീസര്‍മാരായ ജസ്റ്റിന്‍, അജി പനയ്ക്കല്‍, കെ. സഗുണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.