തിരുവല്ലയിൽ ജലവിതരണ പൈപ്പുകൾ പൊട്ടി വെള്ളക്കെട്ടിലമർന്ന് റോഡുകൾ; ദുരിതം പേറി യാത്രക്കാരും പ്രദേശവാസികളും
തിരുവല്ല: ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി പുതിയ കുടിവെള്ള കുഴലുകൾ സ്ഥാപിച്ചതിന് പിന്നാലെ പഴയ കുഴലുകൾ കൂട്ടത്തോടെ പൊട്ടുന്നത് കാവുംഭാഗം - ചാത്തങ്കരി റോഡിൽ യാത്രാദുരിതം വിതയ്ക്കുന്നു. പെരിങ്ങര ജംഗ്ഷൻ മുതൽ പൂത്രവട്ട പടി വരെയുള്ള 200 മീറ്ററോളം ഭാഗത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട വെള്ളക്കെട്ടാണ് കാൽനടക്കാരെയും വാഹന യാത്രക്കാരെയും അടക്കം ഏറെ ദുരിതത്തിൽ ആക്കുന്നത്.
പെരിങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിൻ്റെ ഭാഗമായി ജലജീവൻ മിഷനിൽ നിന്നും അനുവദിച്ച 21 കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ഒന്നര വർഷക്കാലമായി പൈപ്പുകൾ സ്ഥാപിക്കുന്നത്. പെരിങ്ങര ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പുതിയ കുഴലുകൾ സ്ഥാപിച്ചു എങ്കിലും ജംഗ്ഷൻ മുതൽ ചാത്തങ്കരി പാലം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്തെ പഴയ കുഴലുകൾ മാറ്റാതിരുന്നതാണ് പൈപ്പ് പൊട്ടലിന് ഇടയാക്കിയിരിക്കുന്നത്.
പെരിങ്ങര ജംഗ്ഷൻ മുതൽ പോത്തിരിക്കൽ പടി വരെയുള്ള ഭാഗത്ത് 7 ഇടങ്ങളിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിൽ കഴിഞ്ഞ അഞ്ച് ദിവസമായി വെള്ളക്കെട്ട് കൂടി പതിവായതോടെ പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ അടക്കമുള്ളവർ വലിയ യാത്രാദുരിതം ആണ് അനുഭവിക്കുന്നത്. കുഴികൾ നിറഞ്ഞ വെള്ളക്കെട്ടിലൂടെ കടന്നു പോകുന്ന നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുന്നത് എന്ന് നാട്ടുകാർ പറയുന്നു.
സ്വകാര്യ ബസ്സുകളും സ്കൂൾ ബസ്സുകളും അടക്കം നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നു പോകുന്ന റോഡ് ആണ് ഇത്. കാവുംഭാഗം കാഞ്ഞിരത്ത് മൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചാത്തങ്കരി മണക്ക് ആശുപത്രി പടി വരെയുള്ള 5 കിലോമീറ്റർ ഓളം ദൂരം വരുന്ന റോഡ് എട്ടു കോടി രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പണികൾ ഉടൻ ആരംഭിക്കുകയാണ്.
ഈ റോഡിൽ പെരിങ്ങര മുതൽ ചാത്തങ്കരി പാലം വരെയുള്ള ഭാഗത്തെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ റോഡ് പുനർ നിർമ്മാണത്തിന് പിന്നാലെ പൈപ്പുകൾ പൊട്ടി റോഡ് തകരും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് തയ്യാറാക്കിയ ജലജീവൻ മിഷൻ പദ്ധതിയിൽ പെരിങ്ങര മുതൽ ചാത്തങ്കരി പാലം വരെയുള്ള ഭാഗത്തെ പഴയ പൈപ്പുകൾ മാറ്റുന്നത് സംബന്ധിച്ച് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അതിനാലാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയാത്തത് എന്നും ജല വിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം പൈപ്പ് പൊട്ടൽ പതിവായ ഭാഗത്തെ പഴയ കുഴലുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്കായി അടുത്ത ദിവസം ജലവിതരണവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് നിവേദനം നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് പറഞ്ഞു.