പക്ഷിപ്പനി മൂലം വളർത്തുപക്ഷികൾ കൂട്ടത്തോടെ ചത്തു; കർഷകർക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്ത് പത്തനംതിട്ട പെരിങ്ങര പഞ്ചായത്ത്

Pathanamthitta Peringara Panchayat distributes baby buffal to farmers
Pathanamthitta Peringara Panchayat distributes baby buffal to farmers

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ആദ്യമായി വാർഡ് തലത്തിൽ പോത്തിൻ കുട്ടികളെ വിതരണം ചെയ്ത് അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങര പഞ്ചായത്ത്. മുൻവർഷത്തിൽ അടക്കം കോഴി - താറാവ് കുഞ്ഞുങ്ങളെയാണ് വാർഡ് തലത്തിൽ വിതരണം ചെയ്തിരുന്നത്. 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഒരു വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേർക്ക് എന്ന തരത്തിലാണ് പോത്തിൻ കുട്ടികളെ വിതരണം ചെയ്തത്.  

പക്ഷിപ്പനി മൂലം വളർത്തു പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും കൊന്നൊടുക്കുന്നതുമായ സാഹചര്യം പെരിങ്ങര ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു ആശയവുമായി മുന്നിട്ടിറങ്ങിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് പറഞ്ഞു. 

buffalo

വരും വർഷങ്ങളിൽ കൂടുതൽ പേർക്ക് ഗുണകരമാകും വിധം പദ്ധതി വിപുലപ്പെടുത്താൻ ആണ് ഉദ്ദേശിക്കുന്നത് എന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു. രോഗപ്രതിരോധ ശേഷി കൂടിയ മുറ ഇനത്തിൽപ്പെട്ട കിടാക്കളെ ആണ് ഇൻഷുറൻസ് പരിരക്ഷ അടക്കം നൽകി സബ്സിഡി നിരക്കിൽ  വിതരണം ചെയ്തത്. 2024 - 25 ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 

ചാത്തങ്കരി ഗവൺമെൻറ് ന്യൂ എൽ പി സ്കൂൾ അങ്കണത്തിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീന മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയ ഏബ്രഹാം, സൂസൻ വർഗീസ്, എം.സി ഷൈജു, ശാന്തമ്മ ആർ നായർ, റോയി വർഗീസ്, ശാർമിള സുനിൽ, റിക്കു മോനി വർഗീസ്, മാത്തൻ ജോസഫ്, ടി.വി വിഷ്ണു നമ്പൂതിരി, എസ്. സനിൽ കുമാരി, അശ്വതി രാമചന്ദ്രൻ, സുഭ്രദ രാജൻ, ചന്ദ്രു എസ് കുമാർ, പെരിങ്ങര മൃഗാശുപത്രി സർജൻ ഡോ. റൂൺ മറിയം വർഗീസ്, ലൈഫ് സ്റ്റോക് ഇൻസ്പെക്ടറന്മാരായ കെ.മനോജ്, ഷൈജു ഏബ്രഹാം, മേരി ജോർജ്, ടി സിന്ധുലേഖ തുടങ്ങിയവർ പങ്കെടുത്തു.