ഓൺലൈൻ പേരന്റിംഗ് ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

veena
veena

പത്തനംതിട്ട :വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും  നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഓൺലൈൻ പേരന്റിംഗ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വള്ളംകുളം നാഷണൽ ഹൈസ്‌കൂളിൽ സമ്പൂർണ പൊതുവിദ്യാലയ രക്ഷാകർതൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ  മന്ത്രി പ്രഖ്യാപിച്ചു.വനിതാ ശിശു വികസന വകുപ്പ് 2022-23 ൽ സംസ്ഥാനത്ത് 152 പേരന്റിംഗ് ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഓൺലൈൻ പേരന്റിംഗ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

tRootC1469263">

കുട്ടികളുടെ  ശാരീരിക,മാനസിക,ആരോഗ്യ വികാസത്തിന് സ്‌കൂൾ ആരോഗ്യ പരിപാടി വീണ്ടും ആരംഭിക്കും.  വിദ്യാഭ്യാസ വകുപ്പ്,വനിത ശിശുവികസന വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. എല്ലാ കുട്ടികൾക്കും ഹെൽത്ത് കാർഡ് നൽകും. കുട്ടികളുടെ കഴിവ്, പെരുമാറ്റം എന്നിവ മനസിലാക്കി  ഇടപെടൽ നടത്തുന്നതിന് ഇതിലൂടെ സാധിക്കും.മാതാപിതാക്കളും കുട്ടികളും തമ്മിൽ  ആരോഗ്യകരമായ ആശയവിനിമയം ഉണ്ടാകുന്നതിന് രക്ഷിതാക്കൾ സമയം കണ്ടെത്തണം. കുട്ടികളെ കേൾക്കാനും ചേർത്ത് പിടിക്കാനും രക്ഷിതാക്കളും അധ്യാപകരും ഉണ്ട്.  കുട്ടികൾക്ക് അവരുടെ പ്രശ്‌നങ്ങൾ 1098 ലേക്ക് വിളിച്ചറിയിക്കാം.

ജീവിത സാഹചര്യം മാറിയ അവസരത്തിൽ അടുത്ത തലമുറയെ മനസിലാക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്. ഈ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത രക്ഷാകർതൃ ശാക്തീകരണം പദ്ധതിക്ക് പ്രസക്തിയുണ്ട്. 'കരുതലാകാം കരുത്തോടെ' എന്ന ആപ്ത വാക്യത്തോടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ എൽപി, യുപി, ഹൈസ്‌കൂൾ കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചതിലൂടെ ഉത്തരവാദിത്വം സംബന്ധിച്ച അറിവും ആത്മവിശ്വാസവും ലഭിച്ചു.പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിലെ നോഡൽ അധ്യാപകർക്കുള്ള കൈപ്പുസ്തകം പ്രകാശനം മന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ലോഗോ തയ്യാറാക്കിയ വിദ്യാർഥിനി അനന്യ ബി നായർക്ക് മന്ത്രി ഉപഹാരം നൽകി.

വരുന്ന തലമുറയെ നേരായ പാതയിൽ നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വിജയത്തിലെത്തിയെന്ന് അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്  ആവിഷ്‌കരിച്ച സമ്പൂർണ രക്ഷാകർതൃ ശാക്തീകരണ പദ്ധതിയാണ് 'കരുതലാകാം കരുത്തോടെ'. കുട്ടികൾ നേരിടുന്ന വെല്ലുവിളികളിൽ രക്ഷിതാക്കളുടെ  ആശങ്കയെ ശരിയായ അറിവുകൊണ്ട് മറികടക്കുകയാണ് ലക്ഷ്യം. കരുതൽ എന്നതിനപ്പുറം, ശാസ്ത്രീയമായ അറിവിന്റെയും തിരിച്ചറിവിന്റെയും കരുത്തോടെ കുട്ടികളെ സമീപിക്കാൻ  രക്ഷകർത്താക്കളെ പ്രാപ്തരാക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  ആർ.അജയകുമാർ, ക്ഷേമകാര്യ  സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻപിള്ള, ബ്ലോക്ക് അംഗം എൻ എസ് രാജീവ്, വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ അനില, വിദ്യാകിരണം ജില്ല കോർഡിനേറ്റർ എ കെ പ്രകാശ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags