സ്ഥലമുടമ ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താൻ ഏൽപ്പിച്ചു; പിന്നാലെ പണവും മൊബൈലും അടങ്ങിയ ബാഗുകൾ കവർന്നു
തിരുവല്ല: തിരുവല്ലയിലെ പൊടിയാടിയിൽ സ്ഥലമുടമ എന്ന് വിശ്വസിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താൻ നിയോഗിച്ച ശേഷം അവരുടെ പണവും മൊബൈലും അടങ്ങിയ ബാഗുകൾ കവർന്നു. കൊൽക്കത്തയിലെ മണ്ഡൽ സ്വദേശികളായ ഹജാരി മണ്ഡൽ, ഭഗീരത് മണ്ഡൽ എന്നിവരുടെ പണവും മൊബൈലുമാണ് നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച ആയിരുന്നു തട്ടിപ്പിന് ഇരയായ സംഭവം നടന്നത്. തട്ടിപ്പ് സംബന്ധിച്ച് ഇവർ പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊടിയാടിയിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുള്ള പെരിങ്ങരയിലെ വാടകവീട്ടിൽ താമസിക്കുന്ന എട്ടംഗ ഇതര സംസ്ഥാന തൊഴിലാളികളിൽ ഉൾപ്പെട്ടവരാണ് തട്ടിപ്പിന് ഇരയായ ഇരുവരും.
ഹജാരി മണ്ഡലിനും, ഭഗീരത്ത് മണ്ഡലിനും ചൊവ്വാഴ്ച ജോലി ലഭിച്ചിരുന്നില്ല. ഇതിനാൽ ഉച്ചഭക്ഷണവും തൊഴിലിടത്തിൽ ധരിക്കാനുള്ള വേഷവും ബാഗുകളിൽ ആക്കി ഇരുവരും ചൊവ്വാഴ്ച രാവിലെ 8 മണിയോടെ പെരിങ്ങര ജംഗ്ഷനിൽ എത്തി. ഇതിനിടെ യുവാക്കളായ രണ്ടു പേർ ബൈക്കിലെത്തി പൊടിയാടി വൈക്കത്തില്ലത്തിന് സമീപത്തെ പുരയിടം വൃത്തിയാക്കാൻ ഉണ്ടെന്നും വരാൻ സാധിക്കുമോ എന്നും ഇരുവരോടും ചോദിച്ചു.
കൂലി പറഞ്ഞ് ഉറപ്പിച്ച ശേഷം ഇരുവരും ബൈക്കിൽ എത്തിയവരുടെ പിന്നാലെ സൈക്കിളുകളിൽ പൊടിയാടിയിലെ വിജനമായ പുരയിടത്തിൽ എത്തി. പണികൾ ആരംഭിച്ചു കൊള്ളാൻ പറഞ്ഞശേഷം ബൈക്കിൽ എത്തിയവർ മടങ്ങിപ്പോയി. 11 മണിയോടെ മടങ്ങിയെത്തിയ ഇരുവരും ചെത്തിയ പുല്ലുകൾ വലിയ രണ്ട് കെട്ടുകൾ ആക്കാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു. തുടർന്ന് പൊടിയാടി ജംഗ്ഷന് സമീപം മറ്റൊരു സ്ഥലത്ത് ചെറിയ ജോലികൾ ഉണ്ടെന്നും ഒരു പുൽക്കെട്ട് എടുത്ത് തന്നോടൊപ്പം വരുവാൻ ഹജാരി മണ്ഡലിനോട് ആവശ്യപ്പെട്ടു.
പൊടിയാടി - കാവുംഭാഗം കുടകുത്തി പടിയിൽ എത്തിയ ശേഷം റോഡ് വക്കിലെ പുരയിടത്തിലേക്ക് പുൽക്കെട്ട് നിക്ഷേപിക്കുവാനും ഈ ഭാഗത്തെ പുല്ല് ചെത്തിവൃത്തിയാക്കുവാനും ആവശ്യപ്പെട്ട ശേഷം ബൈക്ക് ഓടിച്ചിരുന്ന ആൾ തിരികെ പോയി. അല്പ സമയത്തിനുശേഷം രണ്ടാമനായ ഭഗീരത്തുമായി മടങ്ങിയെത്തി. ഇരുവരെയും ഈ ഭാഗം വൃത്തിയാക്കാൻ ഏൽപ്പിച്ചിട്ട് ഭാര്യയുടേത് എന്ന് പറഞ്ഞ് ഒരു മൊബൈൽ നമ്പർ പേപ്പറിൽ കുറിച്ച് തൊഴിലാളികൾക്ക് നൽകി.
വൈകുന്നേരം ജോലി കഴിയുമ്പോൾ ഈ നമ്പറിൽ വിളിച്ചാൽ മതിയെന്നും ഭാര്യ എത്തി പണം നൽകുമെന്നും തൊഴിലാളികളെ വിശ്വസിപ്പിച്ച ശേഷം ഇയാൾ ബൈക്കിൽ തിരികെ മടങ്ങി. ഉച്ചയോടെ വിശപ്പും ദാഹവും ഏറിയപ്പോൾ ഇരുവരും വൈക്കത്തില്ലത്തെ പണിസ്ഥലത്തേക്ക് മടങ്ങിയെത്തി. അവിടെ എത്തിയപ്പോഴാണ് 4000 രൂപയോളം അടങ്ങുന്ന പേഴ്സുകളും 10000 രൂപയോളം വില വരുന്ന രണ്ട് മൊബൈൽ ഫോണുകളും അടങ്ങിയ ബാഗുകൾ നഷ്ടമായ വിവരം തൊഴിലാളികൾ അറിഞ്ഞത്.
തുടർന്ന് ബൈക്കിൽ എത്തിയ ആൾ നൽകിയ മൊബൈൽ നമ്പരിലും നഷ്ടമായ ഫോണുകളിലും വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയ നിലയിൽ ആയിരുന്നു. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്. തൊഴിലാളികളെ രണ്ടാമതായി ജോലിക്കായി കൊണ്ടുപോയ കുടകുത്തി പടിയിലെ എഐ ക്യാമറ ദൃശ്യങ്ങൾ അടുത്ത ദിവസം പരിശോധിക്കുമെന്നും നഷ്ടമായ മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പുളിക്കീഴ് എസ് എച്ച് ഒ പറഞ്ഞു.