തിരുവല്ലയിൽ ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് സൊസൈറ്റി ഒരുക്കുന്ന പുഷ്പമേളയ്ക്ക് വർണ്ണാഭമായ തുടക്കം


തിരുവല്ല: ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുഷ്പമേളയ്ക്ക് വർണ്ണാഭമായ തുടക്കം. തിരുവല്ല നഗരസഭ മൈതാനിയിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
സൊസൈറ്റി പ്രസിഡണ്ട് ഇ എ ഏലിയാസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ അഡ്വ. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, സി.പി.എം ജില്ലാ സെക്രട്ടറി രാജുഏബ്രഹാം , മുൻ എം. എൽ.എ. ജോസഫ് പുതുശ്ശേരി, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി സി.ഇ.ഒ.റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, ജനറൽ കൺവീനർ സാം ഈപ്പൻ, ടി.കെ.സജീവ്, മാത്യൂസ് ചാലക്കുഴി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. സജി ചാക്കോ, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, അഡ്വ. ബിനു.വി. ഈപ്പൻ, ഇ.ഒ. ബോബൻ എന്നിവർ പ്രസംഗിച്ചു.
ഒരു ലക്ഷം ചതുരശ്ര അടിയിൽ തയ്യാറാക്കിയ പന്തലിലാണ് മേള നടക്കുന്നത്. ഇരുപതിനായിരം ചതുരശ്ര അടിയിൽ ഊട്ടി മാതൃകയിൽ ചെടികളും, ബോൺസായിയും ക്രമീകരിക്കും. 7000 ചതുരശ്ര അടിയിൽ വെജിറ്റബിൾ കാർവിങ്, ഫ്ലവർ ഷോ, പുഷ്പ- ഫല - കാർഷിക ഇനങ്ങളുടെ പ്രദർശനം. ഇക്വഡോറിൽ നിന്നും എത്തിച്ച വിവിധ വർണങ്ങളിലുള്ള റോസ്, , തായ്‌വാൻ, കെനിയ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ചെടികൾ മേലേക്ക് മാറ്റുകൂട്ടും. കൂടാതെ ഫുഡ് കോർട്ട്, അമ്യൂസ്മെൻറ് പാർക്ക്, ഓട്ടോ എക്സ്പോ, അക്വാ പെറ്റ് ഷോ, പുസ്തകമേള എന്നിവയും ഉണ്ടാവും.
വെള്ളിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം . രാവിലെ പത്തര മുതൽ രാത്രി 10 വരെ ആവും മേള പ്രവർത്തിക്കുക. വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ബ്രസീൽ നിർവഹിക്കും. തുടർന്ന് തിരുവനന്തപുരം ടീം ഓഫ് ഡാൻസിലേഴ്സിന്റെ ഗാനമേള. ഒന്നിന് വൈകിട്ട് കോമഡി ഷോ, രണ്ടിന് വൈകിട്ട് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും. തുടർന്ന് ചലച്ചിത്രതാരം തങ്കച്ചൻ വിതുര നയിക്കുന്ന മെഗാ ഷോ .

മൂന്നിന് വൈകിട്ട് കൊച്ചിൻ മ്യൂസിക് ഡ്രീംസിന്റെ ഗാനമേള. എല്ലാദിവസവും വൈകിട്ട് ആറര മുതൽ വിവിധ കലാപരിപാടികൾ മേളയിൽ അരങ്ങേറും എന്ന് പ്രസിഡണ്ട് ഇ എ എലിയാസ്, സെക്രട്ടറി ജേക്കബ് തോമസ് തെക്കേ പുരക്കൽ, ജനറൽ കൺവീനർമാരായ ടി കെ സജീവ്, സാം ഈപ്പൻ, കൺവീനർ റോജി കാട്ടാശ്ശേരി എന്നിവർ അറിയിച്ചു.