ദേശീയ വിദ്യാഭ്യാസ നയം അപാകതകള്‍ പരിഹരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല
NationalEducationPolicy

തളിപ്പറമ്പ് : വിദ്യാഭ്യാസ മേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുവാനും വര്‍ഗീയവല്‍ക്കരിക്കുവാനുമുതകുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സംസ്കാരത്തെ തന്നെയില്ലാതാക്കി മതനിരേപേക്ഷതയും ജനാധിപത്യവും എടുത്തുകളഞ്ഞ് കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലൂടെ രാജ്യത്ത് സ്വാശ്രയസ്ഥാപനങ്ങളും സ്വയംഭരണസ്ഥാപനങ്ങളും മാത്രം അവശേഷിപ്പിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ വിദ്യാഭ്യാസനയം കൊണ്ട്  ചെന്നെത്തിക്കുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

എന്നാല്‍, കേരളം പുതിയ നയത്തിന് എതിര്‍വാദം ഉന്നയിച്ച് ബദല്‍നയം നല്‍കിയിരുന്നു. കേരളത്തിന്റേത് ജനകീയ വിദ്യാഭ്യാസ രീതിയാണ്. അതിനാല്‍ ഓരോ സംസ്ഥാനത്തിനും ദേശീയ വിദ്യാഭ്യാസനയം സ്വീകരിക്കുവാനും സ്വീകരിക്കാതിരിക്കുവാനുമുള്ള അവകാശം നല്‍കണമെന്ന്   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ സമ്മേളനം   കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതോടൊപ്പം തന്നെ നമ്മുടെ സംസ്ഥാനത്തും ജാതിമതശക്തികള്‍ വിദ്യാഭ്യാസമേഖലയെ കൂടുതല്‍ കച്ചവടവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. പ്രത്യേകിച്ച് എയ്ഡഡ് മേഖലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഇത് കൂടുതല്‍ സുവ്യക്തമാണ്.

അതിനാല്‍ത്തന്നെ എയ്ഡഡ് മേഖലയിലെ നിയമനാധികാരം പൂര്‍ണമായും സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ വാര്‍ഷിക സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പുഴകളില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കംചെയ്യുന്നത് ശാസ്ത്രീയമായ രീതിയില്‍ ആവണം, ആന്തൂര്‍ IDP വായുമലിനീകരണ പ്രശ്നം നഗരസഭാ ഇടപെടല്‍ കാര്യക്ഷമമാക്കണം, തളിപ്പറമ്പ് റവന്യൂ സബ് ഡിവിഷനിലെ അനധികൃത ചെങ്കല്‍ ഖനനം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും  സമ്മേളനത്തില്‍ വെച്ച് അംഗീകരിച്ചു.

കൂവേരി കൊട്ടക്കാനം യു പി സ്കൂളിൽ വെച്ച് നടന്ന സമ്മേളനം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ.എം.ദിവാകരന്‍ മാസ്റ്റര്‍ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ശ്രീമതി മരിയാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ. മാധവന്‍ മാസ്റ്റര്‍ അനുസ്മരണം ശ്രീ.ടി.കെ.മുരളീധരന്‍ നടത്തി. മേഖലാ സെക്രട്ടറി ശ്രീ. സി.സത്യനാരായണന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുും ട്രഷറര്‍ ശ്രീ.പി.പി.സുനിലന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി ശ്രീ.കെ.കെ.രവി മാസ്റ്റര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശ്രീ.എം.ബിജുമോഹന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശ്രീ.പി.വി.രാമകൃഷ്ണന്‍-പ്രസിഡന്റ്, ശ്രീമതി മരിയാ വര്‍ഗീസ്-വൈസ് പ്രസിഡന്റ്, ശ്രീ.പി.പി.സുനിലന്‍-വൈസ് പ്രസിഡന്റ്, ശ്രീ.എം.ബിജുമോഹന്‍-സെക്രട്ടറി, ശ്രീ.ഒ.പ്രദീപന്‍-ജോ.സെക്രട്ടറി, ശ്രീ.സി.എസ്.പുഷ്പാംഗദന്‍-ജോ.സെക്രട്ടറി, ശ്രീ.സി.സത്യനാരായണന്‍ മാസ്റ്റര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Share this story