കാസര്‍കോട് നഗരസഭയില്‍ തീരദേശ ക്ഷയരോഗ നിര്‍മാര്‍ജന ഫോറം രൂപീകരിച്ചു

കാസര്‍കോട് നഗരസഭയിലെ തീരദേശത്തെ ക്ഷയരോഗ വിമുക്തമാക്കുന്നതിനും ക്ഷയരോഗികള്‍ക്ക് ആവശ്യമായ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ലക്ഷ്യമിട്ട് തീരദേശ വാര്‍ഡുകളെ ഏകോപിപ്പിച്ച് തീരദേശ ക്ഷയരോഗ നിര്‍മാര്‍ജന ഫോറം രൂപീകരിച്ചു.
ക്ഷയരോഗത്തിനെതിരെ ബോധവത്കരണം, രോഗ ബാധിതരെ കണ്ടെത്തല്‍ , ചികിത്സ, സമ്പര്‍ക്കത്തിലുള്ള വരെ കണ്ടെത്തല്‍, പ്രതിരോധ ചികിത്സ നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ ഫോറം സഹായിക്കും.
വിവിധ വാര്‍ഡു കൗണ്‍സിലര്‍മാരെ കൂടാതെ സന്നദ്ധ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ബോട്ട് ഓണേഴ്സ് പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അങ്കണ്‍വാടി പ്രവര്‍ത്തകര്‍ എന്നിവരും ഫോറവുമായി ബന്ധപെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.
രൂപീകരണ യോഗം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്മാന് ആര്.റീത്ത അധ്യക്ഷത വഹിച്ചു. ജില്ല ടി.ബി. ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ പദ്ധതി വിശദീകരിച്ചു. ജനറല്‍ ആശുപത്രി ഡെ.സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് എസ്.രജനീകാന്ത്, ജില്ല എ.സി.എസ്.എം. ഓഫീസര്‍ ജി.അഷിത, ടി.ബി. ഹെല്‍ത്ത് വിസിറ്റര്‍ എസ്.കെ.നിതീഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു.
ഫോറത്തിന്റെ ചെയര്മാന് ആയി മുപ്പത്തിയേട്ടാം വാര്‍ഡ് കൗണ്‍സിലര്‍ എം.ഉമ, കണ്‍വീനറായി അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു. 2025 ഓടു കൂടി ക്ഷയരോഗ നിര്‍മാര്‍ജനം എന്നതാണ് ലക്ഷ്യമെന്നും അത് പൂര്‍ത്തീകരിക്കാന്‍ തീരദേശ ക്ഷയരോഗ നിര്‍മാര്‍ജന ഫോറത്തിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമാകുമെന്നും ജില്ലയിലെ മറ്റ് 15 തീരദേശ മേഖലയില്‍ കൂടി ഇത്തരം ഫോറം രൂപീകരിക്കുമെന്നും ജില്ല ടി.ബി. ഓഫീസര്‍ അറിയിച്ചു.