ഉന്നത വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കണ്ണൂര്‍ സര്‍വകലാശാല പ്രവേശന കവാടം കെ. എസ്.യു പ്രവര്‍ത്തകര്‍ ഉദ്ഘാടനം ചെയ്തു

kannur university kavadam

കണ്ണൂര്‍:കണ്ണൂര്‍ സര്‍വ്വകലാശാലയില്‍  കഴിഞ്ഞ ദിവസം  ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പുതിയ പ്രവേശന കവാടം ഉദ്ഘാടനം ചെയ്ത് കെ.എസ്.യു പ്രതിഷേധിച്ചു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തിലെ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ഭയന്നാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി പ്രധാന പ്രവേശന കവാടം ഉദ്ഘാടനം ചെയ്യാന്‍ കെ.എസ്.യു രംഗത്തെത്തിയത്.ബന്ധു നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിലും സിലബസ് തയ്യാറാക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിലും ഉള്‍പ്പടെ വിവിധ സംഭവങ്ങളിലെ തുടര്‍ച്ചയായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി.സമരത്തിന്റെ ഭാഗമായി  വൈസ് ചാന്‍സലര്‍പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ  സമഗ്ര വീഴ്ച പുരസ്‌കാരവും പരിപാടിയില്‍ സമര്‍പ്പിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തന്നെ അപമാനമായി കണ്ണൂര്‍ സര്‍വകലാശാല അധികൃതരും വൈസ് ചാന്‍സലറും മാറിയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മൂലം കോടതിയില്‍ നിന്ന്  നിരന്തരം തിരിച്ചടികള്‍ നേരിട്ടിട്ടും വേണ്ടി വന്നാല്‍ പ്രിയ വര്‍ഗീസിനെ വീണ്ടും പരിഗണിക്കും എന്ന വി സി യുടെ മറുപടി ധിക്കാരപരമാണെന്നും വഴിവിട്ട നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വൈസ് ചാന്‍സലറെ അടിയന്തരമായി പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന തരത്തില്‍ മൂല്യത്തകര്‍ച്ചയുടെ വക്കിലെത്തിയ വിദ്യാഭ്യാസ മേഖലയെ രക്ഷപ്പെടുത്താന്‍ സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങണമെന്നും സര്‍വകലാശാല ആസ്ഥാനത്തെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ സമര പരിപാടി ഉദ്ഘാടനം ചെയ്ത് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി അധ്യക്ഷനായി. ഭാരവാഹികളായ ആദര്‍ശ് മാങ്ങാട്ടിടം,ഹരികൃഷ്ണന്‍ പാലാട്,ആഷിത്ത് അശോകന്‍,ആകാശ് ഭാസ്‌കരന്‍,അതുല്‍ എം.സി, പ്രണവ് പി.പി, ഷഹനാദ്.ടി,പ്രകീര്‍ത്ത് മുണ്ടേരി,ശ്രീരാഗ്.കെ, ഹരികൃഷ്ണന്‍ പൊറോറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

kannuruniversity

Share this story